| Monday, 16th November 2020, 1:06 pm

നേതാക്കളില്‍ നിന്ന് ദളിത് വിവേചനവും, അസഭ്യവര്‍ഷവും;സി.പി.ഐ.എം വിട്ട ജില്ലാ പഞ്ചായത്ത് അംഗം പറയുന്നു

ഗോപിക

കൊല്ലം: എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സമയത്ത് അഭിപ്രായം പറഞ്ഞതിന് നേതാക്കളില്‍ നിന്ന് മര്‍ദ്ദനം വരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്, സി.പി.ഐ.എമ്മിലെ ജാതിയധിക്ഷേപത്തിനെതിരെ രംഗത്തുവന്ന ജില്ലാ പഞ്ചായത്ത് അംഗം കെ.സി ബിനുവിന്റെ വാക്കുകളാണ് ഇത്. സി.പി.ഐ.എം വിട്ട് പുറത്ത് വന്ന അദ്ദേഹം തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

കൊല്ലം അഞ്ചല്‍ ഡിവിഷനില്‍ നിന്നുള്ള പഞ്ചായത്ത് അംഗമാണ് അഡ്വക്കേറ്റ് കെ.സി ബിനു. ജാതിഅധിക്ഷേപമാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നാണ് അദ്ദേഹം പറയുന്നത്. നിരന്തരമായ അധിക്ഷേപം ചോദ്യംചെയ്തപ്പോള്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അശ്ലീലം പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

‘അഞ്ചലിലെ ഒരു പ്രമുഖ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റാണ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ബാബു പണിക്കര്‍. ജില്ലാ പഞ്ചായത്തില്‍ നിന്ന് വ്യത്യസ്ത പ്രോജക്ടുകള്‍ക്കായി അമ്പത് ലക്ഷത്തോളം രൂപ സ്‌കൂള്‍ വികസന ഫണ്ടിലേക്കായി ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. വികസന നേട്ടങ്ങളുള്‍പ്പെടുത്തിയ നോട്ടീസില്‍ സ്‌കൂളിന്റെ ലോക്കല്‍ മാനേജര്‍ എന്ന നിലയില്‍ ജില്ലാപഞ്ചായത്ത് അംഗമായ തന്റെ പേര് ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞതിന് ഞങ്ങള്‍ക്ക് നേരെ അസഭ്യം പറഞ്ഞായിരുന്നു അയാള്‍ പ്രതികരിച്ചത്. നിന്റെയൊക്കെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്നയാണോ തുടങ്ങി പുറത്ത് പറയാന്‍ പറ്റാതത്ര അശ്ലീലവാക്കുകളായിരുന്നു അദ്ദേഹം ഉപയോഗിച്ചത്’ ബിനു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

                      അഡ്വ കെ.സി ബിനു

‘വീട്ടുകാരെയും അച്ഛനെയും പറ്റി അശ്ലീല പദങ്ങള്‍ ഉപയോഗിക്കരുതെന്ന് ഞാന്‍ തിരിച്ച് അദ്ദേഹത്തോട് പറഞ്ഞു. നിര്‍ത്തെടാ, പുലയാടിമോനെ എന്നായിരുന്നു അതിന് അദ്ദേഹം പറഞ്ഞ മറുപടി. അതിനുശേഷം ഞങ്ങളെ മര്‍ദ്ദിക്കാനായി അയാള്‍ ചാടിയെഴുനേല്‍ക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ സംസാരിച്ച ഭാഷയില്‍ തിരിച്ച് പറയാന്‍ ഞങ്ങളില്‍ ആരും മുതിര്‍ന്നില്ല’, ബിനു പറഞ്ഞു.

ഒരു ജില്ലാ ഡിവിഷന്‍ മെമ്പര്‍ എന്നു പറയുന്നത് നാലു പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്ന, അമ്പതോളം വാര്‍ഡ് മെമ്പര്‍മാരെ പ്രതിനിധീകരിക്കുന്ന, അഞ്ച് ബ്ലോക്ക് ഡിവിഷനെ പ്രതിനിധീകരിക്കുന്ന സ്ഥാനം വഹിക്കുന്നയാളാണ്. ഞാന്‍ പട്ടികജാതി സമുദായത്തില്‍പ്പെട്ട ആളായത് കൊണ്ടു മാത്രമാണ് ഇത്തരമൊരു പ്രതികരണം അയാളുടെ ഭാഗത്ത് നിന്നുണ്ടായത്. വേറൊരു വാര്‍ഡ് മെമ്പറോട് ഇത്തരത്തില്‍ പെരുമാറില്ല. ഇതാണ് ഇപ്പോള്‍ നടന്ന സംഭവം.

പാര്‍ട്ടി പ്രതിനിധിയാണെങ്കിലും പലപ്പോഴും പൊതുവേദികളില്‍ കനത്ത അവഗണനയാണ് നേരിടുന്നത്. പാര്‍ട്ടി പൊതുയോഗങ്ങളിലും പരിപാടികളിലും സദസ്സില്‍ കേറ്റി ഇരുത്തില്ല. ഇനി അഥവാ ഇരിപ്പിടം തന്നാല്‍ തന്നെ ഏറ്റവും പിറകിലായിരിക്കും സ്ഥാനം. മറ്റുള്ളവരോട് പെരുമാറുന്നതില്‍ നിന്ന് വിഭിന്നമായി പല കാര്യങ്ങളിലും നേരിട്ട് ജാതിപ്പേര് വിളിക്കാതെ തന്നെ ഇവന്‍ മറ്റെവന്‍ അല്ലേ എന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടായിട്ടുണ്ട്, ബിനു പ്രതികരിച്ചു.

അതേസമയം ഇതാദ്യമായല്ല ജാതിയധിക്ഷേപം തനിക്ക് നേരെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേതാക്കളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അവരെല്ലാം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. നമ്മളെ മാറാന്‍ അവര്‍ അനുവദിക്കുകയില്ല’, ബിനു പറഞ്ഞു.

സി.പി.ഐ.എം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചാണ് ബിനുവിന്റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. എസ്.എഫ്.ഐ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി, കുന്നൂര്‍ ഏരിയ സെക്രട്ടറി, കേരള സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറി, കര്‍ഷകതൊഴിലാളി യൂണിയന്റെ പഞ്ചായത്ത് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ വില്ലേജ് ഭാരവാഹി, ഏരിയ കമ്മിറ്റി അംഗം എന്ന നിലയിലൊക്കെ പ്രവര്‍ത്തിച്ചയാളാണ് കെ.സി ബിനു.

തുടര്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം എല്‍.എല്‍.ബി, എല്‍.എല്‍.എം, പിഎച്ച്.ഡി, ബിരുദധാരിയാണ്. പഠനത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ബിനു പറഞ്ഞു.

മുമ്പും ഇത്തരത്തില്‍ പാര്‍ട്ടി നേതാക്കളില്‍ നിന്ന് ജാതിയധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായം പറഞ്ഞതിന് മര്‍ദ്ദനമേല്‍ക്കേണ്ടി വരെ വന്നിട്ടുണ്ടെന്നായിരുന്നു ബിനുവിന്റെ പ്രതികരണം.

എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായിരുന്ന കാലത്ത് പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് അഭിപ്രായം പറഞ്ഞതിന് അവരെന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. നിര്‍ത്തെടാ, നീ കൂടുതല്‍ അഭിപ്രായം പറയണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചത്, ബിനു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Kollam District Panchayath Member Slams CPIM

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more