| Thursday, 14th November 2024, 11:00 am

സാരി ഉടുക്കുന്നതിനെ വര്‍ണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എങ്കില്‍ സാരിയുടുത്ത് നടക്കൂ, അപ്പോളറിയാം വിവരമെന്ന് മന്ത്രിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ പി.കെ. ഗോപന്‍ സ്ത്രീകള്‍ സാരി ഉടുക്കുന്നതിനെ വര്‍ണിച്ച് നടത്തിയ പ്രസംഗത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. സി.പി.ഐ.എം വളപ്പില്‍ ഏരിയ സമ്മേത്തോടനുബന്ധിച്ച് നടന്ന ഏരിയ സമ്മേളനത്തിലായിരുന്നു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസംഗം.

കേരളത്തിലുള്ള സ്ത്രീകള്‍ സാരിയുടുക്കുന്നത് മിക്കവാറും ആരോടെങ്കിലും വഴക്കിട്ടുകൊണ്ടായിരിക്കും എന്ന് പറഞ്ഞാണ് ഗോപന്‍ സാരിയുടെ ആത്മാവിനെ കുറിച്ച് വര്‍ണിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ സാരിയുടെ ഏറ്റവും മനോഹരമായ മുന്താണിയുടെ ഭാഗമെടുത്ത് ആരോടെങ്കിലുമുള്ള ദേഷ്യത്തിന് പുറകിലോട്ടെറിയുമെന്നും എന്നാല്‍ വടക്കേ ഇന്ത്യക്കാര്‍ സാരിയുടുക്കുന്നത് ദേഷ്യത്തോടെ അല്ലാത്തതിനാല്‍ മുന്താണി എടുത്ത് മുമ്പില്‍ വിരിച്ചിടുമെന്നുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

പറയുന്നത് സ്ത്രീ വിരുദ്ധതയാണെന്നും വിമര്‍ശനമാണെന്നുമുള്ള ബോധത്തോടെ തന്നെയാണ് ഗോപന്‍ വര്‍ണന ആരംഭിച്ചത്. തന്നെ കേട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളൊഴികെ ഉള്ളവരെ കുറിച്ചാണ് താനിത് പറയുന്നതെന്നും പ്രസംഗം കഴിഞ്ഞ് അവരുടെ ഇടയിലൂടെ തനിക്ക് പുറത്തേക്ക് പോകേണ്ടതുണ്ടെന്നും ഗോപന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

വടക്കേ ഇന്ത്യക്കാര്‍ സാരിയുടെ ആത്മാവിനെ സ്‌നേഹിക്കുന്നു, എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് സാരിയുടെ ആത്മാവിനോട് സ്‌നേഹമില്ല, അവര്‍ നീതി പുലര്‍ത്തുന്നില്ല എന്നിങ്ങനെ വര്‍ണിക്കുകയും പുരുഷന്റെ സങ്കല്‍പങ്ങളെയും ആധിപത്യത്തെയും പൊതു വേദിയില്‍ തുറന്നുകാട്ടുകയാണ് പ്രസിഡന്റ്.

പ്രസിഡന്റിന്റെ സാരിയോടുള്ള ആത്മാര്‍ത്ഥയ്ക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രംഗത്തെത്തി. വീഡിയോ പങ്കുവെച്ച ബിജു മോഹന്‍ എന്ന അക്കൗണ്ടില്‍ വീഡിയോയ്ക്ക് താഴെ കമന്റായിട്ടാണ് മന്ത്രി വിമര്‍ശനം രേഖപ്പെടുത്തിയത്. ‘സാരിയോട് ഇത്രയക്ക് ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടെങ്കില്‍ ഗോപന്‍ സാരിയുടുത്ത് നടക്കട്ടെ.. അതിമനോഹരമായി വസ്ത്രമല്ലേ..? ഉടുക്കൂ.. അപ്പോള്‍ വിവരമറിയും, എന്നായിരുന്നു മന്ത്രിയുടെ കമന്റ് .

മന്ത്രിയെ കൂടാതെ അധ്യാപിക മാളവിക ബിന്നിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. പുരുഷാധിപത്യപരമായിട്ടുള്ള തമാശകള്‍ പറയുന്നത് സഖാക്കളെങ്കിലും നിര്‍ത്തണമെന്ന് മാളവിക ബിന്നി ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മാളവിക ബിന്നിയുടെ പ്രതികരണം. സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചും പുരുഷന്മാര്‍ കമന്റ് ചെയ്യാത്തതായിരിക്കും നല്ലതെന്നും മാളവിക ബിന്നി ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പുരുഷന്മാര്‍ കമന്റ് ചെയ്യാത്തതാണ് നല്ലതെന്നും അല്ലെങ്കില്‍ തന്നെ സ്ത്രീകളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കാനുള്ള പ്രവണതയാണ് ഐഡിയലായ സാരിയുടുപ്പിക്കലിലേക്ക് എത്തുന്നതെന്നും മാളവിക ബിന്നി പറഞ്ഞു.

ഇത്തരത്തില്‍ മുണ്ടിന്റെ കരയെ കുറിച്ചും ഉത്തരേന്ത്യന്‍ മുണ്ടുടുക്കലിനെ കുറിച്ചും പറയുന്നത് പുരുഷന്മാരോടാണെങ്കില്‍ എങ്ങനെ കാണുമെന്നും മാളവിക ബിന്നി ചോദിച്ചു.

പ്രസംഗം കൊഴുപ്പിക്കാന്‍ വേണ്ടി മറ്റുള്ളവരെക്കാള്‍ കുറച്ച് കൂടി മൂല്യബോധമുള്ള സഖാക്കന്മാരെ പോലെയുള്ള ആളുകളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങളും സ്ത്രീവിരുദ്ധമായ ‘തമാശകള്‍’ കേള്‍ക്കുമ്പോള്‍ ദുഖമുണ്ടെന്നാണ് മാളവിക ബിന്നി പറയുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരമാര്‍ശം നിരുപദ്രവകരമായിട്ടുള്ള പരാമര്‍ശമല്ലെന്നും എല്ലാ സ്ത്രീകളെയും ജനറലൈസ് ചെയ്യുന്നതാണെന്നും മാളവിക ബിന്നി പറയുന്നുണ്ട്. കൂടാതെ കേരളത്തിലെ അധിക വീടുകളിലും സംഭവിക്കുന്നു എന്നുള്ള ധ്വനിയോടെയാണ് പ്രസ്താവനയെന്നും പറഞ്ഞ മാളവിക ബിന്നി ഈ പ്രവണതയെ ചോദ്യം ചെയ്യേണ്ടതാണെന്നു തന്നെ പറഞ്ഞുവെക്കുന്നുണ്ട്.

സ്ത്രീകള്‍ എല്ലാ ദിവസവും രാവിലെ വീടുകളില്‍ വഴക്കു കൂടേണ്ടി വരുന്നത് അവര്‍ക്ക് ഒട്ടും സമയമില്ലാത്തത് കൊണ്ടാണെന്നും മാളവിക ബിന്നി പറയുന്നു.

രാവിലെ പത്രം വായിക്കുകയും ന്യൂസ് കാണുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരുള്ള വീടുകളിലാണ് സ്ത്രീകള്‍ക്ക് വഴക്ക് കൂടേണ്ടി വരുന്നതെന്നും കാരണം രാവിലെയുള്ള മുഴുവന്‍ പണിയും ചെയ്ത് ഭര്‍ത്താവിനെയും മക്കളെയും വിട്ടിലെ കാര്യങ്ങളും ഓക്കെ ചെയ്ത് ജോലിക്ക് പോകേണ്ടി വരുന്ന ഇടങ്ങളിലാണ് പലപ്പോഴും ഗോപന്‍ പറയുന്നത് പോലെയുള്ള വഴക്കുകള്‍ വരുന്നതെന്നും അല്ലാതെ ഇത് എല്ലാ വീടുകളിലും സംഭവിക്കുന്നതാണെന്ന് താന്‍ കരുതുന്നില്ലെന്നും മാളവിക ബിന്നി പറയുന്നു.

Content Highlight: District Panchayat President describing wearing a sari; Then walk in a sari, then you will know the information, criticized the minister

We use cookies to give you the best possible experience. Learn more