കല്‍പ്പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സനും കൂടെയുണ്ടായിരുന്നു.
ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഹാരിസ് താക്കീത് നല്‍കി. ഇന്ന് 2.30ന് വിദഗ്ദ സമിതിയുടെ യോഗം ചേരുന്നുണ്ട്. പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു.
കുട്ടിയുടെ മരണം കേവലം ഒരു വിദ്യാര്‍ഥിയുടെ മരണമായി കാണാതെ സ്വന്തം കുട്ടിയുടെ മരണമായി കാണണമെന്നും ജഡ്ജി പ്രധാനധ്യാപകനോട് പറഞ്ഞു.
അതേസമയം, വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തിരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവുണ്ട്. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ ചെരുപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്.
സ്‌കൂളും പരിസരവും വൃത്തിയാക്കുക, ശുചിമുറിയിലേക്ക് പോകുന്ന വഴി, ശുചിമുറി, കളിസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ പാമ്പോ ഏതെങ്കിലും തരത്തിലുള്ള ഇഴ ജന്തുക്കളോ ഉണ്ടെങ്കില്‍ അവയെ തുരത്താനുമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വയനാട്ടിലെ സ്‌കൂളുകളിലെ സുരക്ഷ നേരിട്ട് പരിശോധിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നല്‍കിയ നിര്‍ദേശം. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും അതത് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ പോയി പരിശോധനയ്ക്ക് നേതൃത്വം നല്‍കണമെന്നാണ് കലക്ടറുടെ ഉത്തരവില്‍ പറയുന്നത്.
പാമ്പുകടിയേറ്റാല്‍ എന്തു പ്രാഥമികമായി എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
പരിശീലനത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കണം നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.