| Friday, 30th April 2021, 6:44 pm

രോഗവ്യാപനം കൂടുന്നു; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. കൊവിഡ് വ്യാപനം കൂടുതലാകുന്ന ജില്ലകളില്‍, നിലവിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

മെയ് നാലാം തിയതി മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സര്‍വീസ് മാത്രമായി ചുരുക്കുകയെന്നത് പരിഗണിക്കുന്നുണ്ട്. റേഷന്‍ സിവില്‍ സപ്ലൈസ് ഓഫീസുകള്‍ തുറക്കും. ഇതിന്റെ വിശദാംശങ്ങള്‍ ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കുകയുള്ളു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും പൂര്‍ണ്ണമായും പാഴ്‌സല്‍ സര്‍വീസിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ഓക്സിജന്‍, ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കള്‍ തടസമില്ലാതെ അനുവദിക്കും. ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം. ആള്‍ക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.

യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CM Pinarayi Vijayan says will have to think about lockdown in districts with high Covid cases

We use cookies to give you the best possible experience. Learn more