|

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാജഡ്ജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബത്തേരി: വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജ് ചെയര്‍മാനായ വയനാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് സമര്‍പ്പിക്കും.

വയനാട് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജ് എ ഹാരിസും ജില്ലാലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിതയുമടങ്ങുന്ന സംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നേരത്തെ ജില്ലാ ജഡ്ജ് എ. ഹാരിസും സംഘവും സ്‌കൂളും പരിസരവും സന്ദര്‍ശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ഹൈലവല്‍ മീറ്റിങ്ങിലുയര്‍ന്ന നിര്‍ദേശങ്ങളും സ്‌കൂളിലെ പ്രധാനാധ്യാപകനടക്കമുള്ളവരുടെ വിശദീകരണങ്ങളും റിപ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കേണ്ടത് സംബന്ധിച്ച നിര്‍ദേശങ്ങള്‍കൂടി അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മാനന്തവാടി എ.സി.പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി പൊലീസ് അധ്യാപകരേയും ഡോക്ടര്‍മാരേയും പ്രതിചേര്‍ത്ത് സ്വമേധയാണ് കേസെടുത്തത്.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനധ്യാപകന്‍ കെ.കെ മോഹനന്‍, പ്രന്‍സിപ്പാള്‍ എ.കെ കരണാകരന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെ യാണ് കേസ്. ഷിജില്‍ ഒന്നാംപ്രതിയാണ്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പ്രിന്‍സിപ്പള്‍ കരുണാകരനെയും പ്രധാനധ്യാപകന്‍ കെ.കെ.മോഹന്‍ കുമാറിനെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെയും പിരിച്ചു വിട്ടു. വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.