'മോദി സൈനിക വേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റം'; പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ച് ഉത്തര്‍പ്രദേശ് കോടതി
national news
'മോദി സൈനിക വേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റം'; പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ച് ഉത്തര്‍പ്രദേശ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th February 2022, 8:36 am

ലഖ്‌നൗ: നരേന്ദ്ര മോദി സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു.

കശ്മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസയച്ചത്. ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ ആണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷമായിരുന്നു കശ്മീരില്‍ സൈനികര്‍ക്കൊപ്പം സൈനികവേഷം ധരിച്ച് മോദി ദീപാവലി ആഘോഷിച്ചത്.

സൈനികരല്ലാത്ത ആളുകള്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച് അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കോടതി മോദിക്ക് നോട്ടീസയച്ചത്.

ഐ.പി.സി സെക്ഷന്‍ 140 പ്രകാരം ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കാണിച്ചായിരുന്നു ഹരജി.

കഴിഞ്ഞ ഡിസംബറില്‍ പാണ്ഡെ നല്‍കിയ ഹരജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരേന്ദ്ര ത നാഥ് തള്ളിയിരുന്നു. കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് പറഞ്ഞായിരുന്നു ഹരജി മജിസ്‌ട്രേറ്റ് തള്ളിയത്.

ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പാണ്ഡെ ജില്ലാ ജഡ്ജിക്ക് മുമ്പാകെ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

2016 മുതല്‍ മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് വരികയാണ്. 2017 മുതലാണ് സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.


Content Highlight: District court in Uttar Pradesh issued notice to Prime Minister’s Office over the Indian Army uniform that PM Modi wore