പറവൂര്‍: ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കെ.എസ്.ഇ.ബിക്ക് എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശം. ടവര്‍ നിര്‍മിക്കാന്‍ കുഴിയെടുത്തതിന്റെ സ്ലറി (ചളി) നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.
സ്ലറി നീക്കം ചെയ്യാന്‍ വനം വകുപ്പ് മേല്‍നോട്ടം വഹിക്കണം. കൂടാതെ ടവറിന്റെ അലൈന്‍മെന്റ് മാറ്റുന്ന കാര്യവും പരിഗണിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ക്കു തീരുമാനമായത്.
ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് അധികാരികളുടെ ഇടപെടല്‍. പരിസ്ഥിതി-സാഹിത്യ- സിനിമാ മേഖലയിലുള്ളവര്‍ സമരത്തില്‍ പങ്കാളികളായിരുന്നു. എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ഥി പി.രാജീവ് ശാന്തിവനത്തില്‍ ടവര്‍ വേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.
കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ പറഞ്ഞിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.
കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി ടവര്‍ നിര്‍മാണം തുടങ്ങിയ പിറ്റേദിവസം ഡൂള്‍ ന്യൂസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.