| Tuesday, 2nd April 2024, 2:41 pm

തെരഞ്ഞെടുപ്പ് ചട്ടലംഘനം; യു.ഡി.എഫിന്റെ പരാതിയില്‍ മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യു.ഡി.എഫ് പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍. യു.ഡി.എഫ് ഉന്നയിച്ച ആരോപണം മന്ത്രി റിയാസ് നിഷേധിക്കുകയാണ് ഉണ്ടായത്.

നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുമ്പോള്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. താന്‍ പറഞ്ഞ വിഷയങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും റിയാസ് പറഞ്ഞു. പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ലെന്നും ചെയ്ത കാര്യം പറഞ്ഞതാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ എല്‍.ഡി.എഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്. കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തില്‍ മന്ത്രി റിയാസ് പറഞ്ഞത്.

തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന എളമരം കരീം തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന വീഡിയോഗ്രാഫറെ വേദിക്ക് പിന്നിലെ ഗ്രീന്‍ റൂമിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. റിയാസ് പ്രസംഗം നിര്‍ത്തിയ ശേഷമാണ് പിന്നീട് എളമരം കരീം തിരികെ വന്നതെന്നാണ് യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണം.

അതേസമയം പ്രസംഗത്തിന്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രതികരിക്കാവുന്നതാണെന്ന് കോഴിക്കോട് ഇടതു സ്ഥാനാര്‍ത്ഥി എളമരം കരീം ചൂണ്ടിക്കാട്ടി. വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: District Collector sought explanation from Muhammad Riaz on UDF’s complaint

We use cookies to give you the best possible experience. Learn more