തെരഞ്ഞെടുപ്പ് ചട്ടലംഘനം; തോമസ് ഐസക്കിന് നോട്ടീസയച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍
Kerala News
തെരഞ്ഞെടുപ്പ് ചട്ടലംഘനം; തോമസ് ഐസക്കിന് നോട്ടീസയച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th March 2024, 3:44 pm

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് നോട്ടീസയച്ച് ജില്ലാ കളക്ടര്‍. മൂന്ന് ദിവസത്തിനകം പരാതിയില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് കളക്ടറുടെ നടപടി.

കെ. ഡിസ്‌ക് വഴി തൊഴില്‍ദാന പദ്ധതി, കുടുംബശ്രീ വഴി വായ്പ വാഗ്ദാനം തുടങ്ങിയ നീക്കങ്ങള്‍ക്കെതിരെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ഇടതു സ്ഥാനാർത്ഥി നടത്തിയ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ പ്രതികരിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവരെ പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നല്‍കിയിരുന്നു. അതേസമയം യു.ഡി.എഫിന്റെ ആരോപണങ്ങള്‍ എല്‍.ഡി.എഫ് ജില്ലാ നേതൃത്വവും തോമസ് ഐസക്കും നിഷേധിച്ചിരുന്നു.

ഇതിനുപുറമെ സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച്, മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം പ്രിന്റ് ചെയ്ത് കേരളത്തിലുടനീളം വിതരണം ചെയ്യുന്നുവെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു.

ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് യു.ഡി.എഫ് പരാതിയും നല്‍കിയിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എം.പിയാണ് പരാതി നല്‍കിയത്.

Content Highlight: District Collector sent notice to Thomas Isaac on complaint of election violation