| Thursday, 20th June 2019, 10:09 am

28 വര്‍ഷമായി അടിമവേല: ആദിവാസി യുവതിയെ മോചിപ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 28 വര്‍ഷമായി അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്‍ന്ന്, ശിവ എന്ന ആദിവാസി യുവതിയെയെ മോചിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. പന്നിയങ്കര സ്വദേശി പി.കെ ഗിരീഷിന്റെ വീട്ടിലാണ് യുവതി അടിമവേല ചെയ്തിരുന്നത്.

അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്‍ന്ന് സബ് കലക്ടര്‍, ലേബര്‍ ഓഫീസര്‍, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ശിവയെ മോചിപ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

യുവതിയ്ക്ക് ജോലിക്കുള്ള പ്രതിഫലം കൃത്യമായി നല്‍കുന്നില്ലെന്നും വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

വീട്ടുപണിക്കെന്ന പേരില്‍ ഇടനിലക്കാരന്‍ വഴിയാണ് ശിവയെ ഗിരീഷിന്റെ വീട്ടിലെത്തിക്കുന്നത്. അച്ഛന്‍ മരിച്ചതോടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചതും തുടര്‍ന്നുണ്ടായ ദാരിദ്ര്യവുമാണ് ശിവയെ ഈ അവസ്ഥയിലെത്തിച്ചത്. മൂന്നാം ക്ലാസുവരെയെ ശിവ പഠിച്ചിട്ടുള്ളൂ. 28 വര്‍ഷത്തിനിടെ വലപ്പോഴും തുച്ഛമായ തുക ശിവയുടെ അമ്മയ്ക്കു നല്‍കുമെന്നല്ലാതെ കൂലിയായി ഒന്നും നല്‍കിയിരുന്നില്ല. അമ്മ മരിച്ചതോടെ ഇതും നിന്നിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകനായ മുജീബ് റഹ്മാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയതോടെയായിരുന്നു ശിവയുടെ അവസ്ഥ പുറംലോകം അറിഞ്ഞത്.

We use cookies to give you the best possible experience. Learn more