കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. സമൂഹ വ്യാപന ആശങ്ക ഒഴിവാക്കാന്‍ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും ജില്ലാ കളക്ടര്‍ സാംബശിവ റാവു പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കോഴിക്കോട് ആത്മഹത്യ ചെയ്ത സെക്യൂരിറ്റിക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് കളക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പകര്‍ച്ചവ്യാധി നിയമ ഭേദഗതി പ്രകാരവും ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷന്‍ 30,34 പ്രകാരവും ഫ്‌ളാറ്റുകളില്‍ താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും എല്ലാ തരത്തിലുമുള്ള പൊതു പരിപാടികള്‍ നടത്തുന്നത് കര്‍ശനമായി നിരോധിച്ചു. ഇവിടങ്ങളിലെ പൊതു സ്ഥലങ്ങള്‍, കൈവരികള്‍ എന്നിവ ബ്ലീച്ചിംഗ് പൗഡറോ സോഡിയം ഹൈപ്പോക്ലോറൈറ്റോ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കേണ്ടതാണെന്നും കളക്ടര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
പാര്‍ക്കുകള്‍, ജിം, സ്വിമ്മിംഗ് പൂള്‍, റിക്രിയേഷണല്‍ ഏരിയ, ക്ലബുകള്‍ തുടങ്ങിയവ അടച്ചിടണമെന്നും ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ അസോസിയേഷനുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിക്കുന്നു.
അപ്പാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലെയും ലിഫ്റ്റുകളുടെ ഉള്‍വശം,ബട്ടണ്‍,കൈവരി എന്നിവ കൃത്യമായ ഇടവേളകളില്‍ അണു വിമുക്തമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.