കോഴിക്കോട്: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോടും കാസര്‍കോട് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് ലഭിച്ച നിര്‍ദേശ പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അഞ്ചു പേരില്‍കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നടക്കുന്നതിനും ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മറ്റു ചടങ്ങുകള്‍ തുടങ്ങിയവയില്‍ 10 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതും വിലക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തന്നെ തുറന്നു പ്രവര്‍ത്തിക്കാനോ വിനോദയാത്രകള്‍ സംഘടിപ്പിക്കാനോ പാടില്ല. മത പഠന കേന്ദ്രങ്ങള്‍ക്കും വിലക്ക് ബാധകമാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും സഞ്ചാരികളുടെ പ്രവേശനവും വിലക്കി. എല്ലാതരം പ്രതിഷേധ പ്രകടനങ്ങളും മാര്‍ച്ചുകളും ഘോഷയാത്രകളും ഒഴിവാക്കാനും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കള്‍, മരുന്ന് തുടങ്ങി അവശ്യ വസ്തുക്കളുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10മണി മുതല്‍ രാത്രി 7 മണിവരെ അടച്ചിടുന്നതും തടഞ്ഞിട്ടുണ്ട്.
ഇതിന് പുറമെ വിവാഹ പരിപാടികളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നത്, ഹാര്‍ബറുകള്‍ തുടങ്ങിയവയും നിരോധിച്ചിരിക്കുന്നു. കടകള്‍, റെസ്റ്റുറന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ശാരീരീക അകലം പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ നടപടികള്‍ ലംഘിക്കുന്ന പക്ഷം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഇനിയൊരറിയിപ്പുണ്ടാവുന്ന വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് രണ്ടു പേര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം കാസര്‍കോട് അഞ്ചുപേര്‍ക്കു കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു.
കേരളത്തില്‍ കാസര്‍കോട് ഏരിയാല്‍ സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇയാളുടെ അശ്രദ്ധയോടെയുള്ള ഇടപെടലും നിരവധി പേര്‍ക്കാണ് കൊവിഡ് പടരുന്നതിന് കാരണമാക്കിയത്. കേരളത്തില്‍ സമൂഹ വ്യാപനത്തിന്റെ വക്കത്താണെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം കേരളത്തില്‍ 7 ജില്ലകള്‍ അടയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഞായറാഴ്ച കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞതായും കെ. കെ ശൈലജ വ്യക്തമാക്കിയിരുന്നു. വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളെ അട്ടിമറിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്.
കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ച 67 പേരില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.