| Saturday, 3rd February 2018, 7:18 pm

ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു; കണ്‍വെന്‍ഷന്‍ നടത്തുമെന്ന് സമരസമിതി; വടയമ്പാടിയില്‍ വന്‍ പൊലീസ് സന്നാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുത്തന്‍കുരിശ്: ജാതിമതില്‍ കെട്ടി ദളിതരുടെ സ്ഥലം കയ്യേറാനുള്ള എന്‍.എസ്.എസ്സിന്റെ ശ്രമത്തിനെതിരെ നടക്കുന്ന സമരത്തില്‍ ജില്ലാ ഭരണകൂടം എടുത്തത് ഏകപക്ഷീയമായ തീരുമാനങ്ങളെന്ന് ആക്ഷേപം. നാളെ വടയമ്പാടിയില്‍ നടക്കാനിരിക്കുന്ന ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സ്ഥലത്ത് പുറത്തുനിന്നുള്ളവരെ അനുവദിക്കില്ലെന്നും സമരസ്ഥലത്തുള്ളവരെ അറസ്റ്റ് ചെയ്യുമെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

മൂന്ന് വണ്ടി നിറയെ പൊലീസാണ് ഇപ്പോള്‍ വയമ്പാടിയിലെ സമരമുഖത്ത് തമ്പടിച്ചിരിക്കുന്നത്. ദളിത് ആക്ടിവിസ്റ്റുകള്‍ ഉല്‍പ്പെടെയുള്ളവരെ പൊലീസ് വയമ്പാടിയില്‍ നിന്നും പുറത്താക്കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സമരസ്ഥലത്തുള്ളവരുടെ ചിത്രമെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഭീകരാന്തരാക്ഷം സൃഷ്ടിച്ച് സമരം തകര്‍ക്കാനാണ് പൊലീസ് ശ്രമമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.


Related News: വയമ്പാടിയിലെ ജാതിമതില്‍ പൊളിച്ച സംഭവം: പൊലീസ് അതിക്രമത്തിനെതിരെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു


മൈതാനത്ത് ഏത് പൊതുപരിപാടികള്‍ നടത്തണമെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം. പട്ടയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക കോടതി നിര്‍ദ്ദേശപ്രകാരമായിരിക്കും. മതില്‍ ഉള്‍പ്പെടെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വയമ്പാടിയില്‍ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈസഫറുള്ള അറിയിച്ചു.

പുറത്തു നിന്നുള്ള ഒരു ഇടപെടലും സമരസ്ഥലത്ത് അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ കളക്ടര്‍, ക്ഷേത്രത്തിനായി നിര്‍മ്മിച്ച കവാടവും സമരപ്പന്തലും പൊളിച്ചുമാറ്റുമെന്നും അറിയിച്ചു. ജാതിമതില്‍ എന്ന പ്രയോഗം തെറ്റാണ്. പട്ടയത്തിന്റെ കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കും. ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ല എന്ന കാരണത്താല്‍ നാളെ നടക്കാനിരിക്കുന്ന ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന് അനുമതി നല്‍കില്ല എന്നാണ് കളക്ടര്‍ പറഞ്ഞത്.


Also Read: വയമ്പാടിയിലെ ജാതിമതില്‍ പൊളിച്ച സംഭവം: പൊലീസ് അതിക്രമത്തിനെതിരെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു


എന്നാല്‍ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ നിന്നും ഒരടി പോലും പിറകോട്ടില്ല എന്ന നിലപാടാണ് സമരസമിതിയുടേത്. സമരം ചെയ്യാനുള്ള അവകാശത്തേയാണ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.

നാളെ നടക്കാനിരിക്കുന്ന ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്റെ കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും സമ്മേളനം നാളെ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും ദലിത് ഭൂ അവകാശ സമരമുന്നണി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more