മലപ്പുറം: പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ തീയ്യതിയില്‍ സി.ഐ.സിയുടെ കീഴിലുള്ള പൂക്കിപ്പറമ്പ് ക്യാമ്പസില്‍ ലഡ്ഡു വിതരണം നടന്നുവെന്ന സമസ്ത മുശാവറ അംഗം സലാം ബാഖഫിയുടെ ആരോപണത്തില്‍ മറുപടിയുമായി സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹക്കീം ഫൈസി ആദൃശ്ശേരി.
ജോസഫ് മാഷിന്റെ കൈ വെട്ടിയ 2010 ജൂലൈ നാലിന് മലപ്പുറത്തെ പൂക്കിപ്പറമ്പിലുള്ള ഹൈദ്രോസ് മുസല്യാര്‍ സ്മാരക വാഫി കോളേജില്‍ ലഡു വിതരണം നടന്നുവെന്നായിരുന്നു കോഴിക്കോട് മുതലക്കുളത്ത് വെച്ച് സലാം ബാഖഫി പ്രസംഗിച്ചത്. കോളേജിന്റെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലായിരുന്നു ലഡ്ഡു വിതരണം നടന്നത് എന്നും ഹക്കീം പ്രിന്‍സിപ്പല്‍ ഹക്കീം ഫൈസിയുടെ വലം കയ്യായിരുന്നു എന്നുമായിരുന്നു സലാം ബാഖഫിയുടെ ആരോപണം.
ഉപതെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് മുതലക്കുളത്ത് വെച്ചാണ് സലാം ബാഖഫി ഈ പ്രസംഗം നടത്തുന്നത്. എന്നാല്‍ ഇന്ന് മലപ്പുറത്ത് വെച്ച് നടന്ന പത്രസമ്മേളനത്തില്‍ വെച്ചാണ് ഹക്കീം ഫൈസി ഇതിന് മറുപടി നല്‍കിയത്.
ജോസഫ് മാഷിന്റെ കൈ വെട്ടിയ ദിവസം ലഡു വിതരണം നടന്നു എന്ന് പറയുന്നതില്‍ എവിടെ നടന്നു എന്നത് തനിക്കറിയില്ല. എന്നാല്‍ മലയാളി എന്ന നിലയില്‍ ജോസഫ് മാഷിന്റെ കൈവെട്ടലിനോടും അത്തരത്തിലുള്ള തീവ്ര നിലപാടുകളോടും കണിശമായി താന്‍ എതിരാണെന്നും ഹക്കീം ഫൈസി പറഞ്ഞു.
ഇതില്‍ സംശയമുണ്ടെങ്കില്‍ താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളോടോ തിരൂര്‍ താഴെ പാലം പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ വരുന്ന ആളുകളോടോ ചോദിക്കാമെന്നുമാണ് ഹക്കീം ഫൈസി പറയുന്നത്.
ഒരിക്കലും തീവ്രവാദത്തിന് അനൂകൂലമായ നിലപാട് തനിക്കില്ലെന്നും കൈവെട്ടലും കലാപം സൃഷ്ടിക്കലും ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും ഹക്കീം ഫൈസി പറഞ്ഞു.
രാജ്യത്ത് പരിശുദ്ധമായ ഒരു ഭരണഘടന നിലനില്‍ക്കുന്നത് കൊണ്ടുതന്നെ നിയമവാഴ്ചയക്കെതിരായി കൈയും കാലും വെട്ടുന്നതിനോട് യോജിക്കുന്നില്ലെന്നും ഹക്കീം ഫൈസി കൂട്ടിച്ചേര്‍ത്തു.
സലാം ബാഖഫിയുടെ ആരോപണം താന്‍ ലഡ്ഡു വിതരണം നടത്തിയെന്നല്ല. സ്ഥാപനത്തില്‍ ലഡ്ഡു വിതരണം നടത്തിയെന്നാണ്. 100ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഡു വിതരണം നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മറുപടി പറയണമെന്ന് പറയുന്നത് പോലെയാണിതെന്നും ഹക്കീം ഫൈസി പറഞ്ഞു.
അതേസമയം ഇത്തരം ആരോപണങ്ങള്‍ അറ്റമില്ലാതെ പോവുന്നതിനാല്‍ നിയമനടപടിക്ക് ഒരുങ്ങുമെന്നും ഹക്കീം ഫൈസി പറഞ്ഞു.
സമസ്തയക്ക് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞ ഹക്കീം ഫൈസി സമസ്തയുടെ ഡ്രൈവര്‍മാര്‍ക്കാണ് പ്രശ്‌നമെന്നും പറയുകയുണ്ടായി.
സമസ്തയ്ക്ക് വേണ്ടി താനും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ സംവിധാനം തകരാതിരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെങ്കിലും ഇനി നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.
സി.ഐ.സി ഒരു രാഷട്രീയ പാര്‍ട്ടിയോ മതപാര്‍ട്ടിയോ അല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ആളുകളാണെന്നും ഹക്കീം ഫൈസി പറയുകയുണ്ടായി. രാഷ്ട്രീയ ചുവടുമാറ്റത്തിലേക്ക് കടക്കാനുള്ള ചവിട്ടുപടിയായി ചില ആളുകള്‍ സി.ഐ.സിയെ ഉപയോഗിച്ചിട്ടുണ്ടാവുമെന്നും ഹക്കീം ഫൈസി പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് വ്യക്തിപരമായി രാഷ്ട്രീയമുണ്ടെന്നും അബ്ദുള്‍ ഹക്കീം ഫൈസി കൂട്ടിച്ചേര്‍ത്തു.
സാദിഖലി തങ്ങളെ വിമര്‍ശിക്കുന്നത് കേരളീയ സമൂഹം ഏറ്റെടുക്കില്ലെന്നും പാണക്കാട് കുടുംബത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുംബത്തോടുള്ള അസൂയയും അത് തകര്‍ന്നാല്‍ രാഷ്ട്രീയ നേട്ടം കാത്തിരിക്കുന്ന പലരുടെയും ആഗ്രഹങ്ങളുമാണ് ഇത്തരം സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Content Highlight: distribution of laddoos on t.j. joseph’s day of amputation; Hakkeem Faizi Adrissery with reply