മോഹൻലാൽ നായകനായ കിരീടം സിനിമയിലെ ഒരു രംഗം വിതരണക്കാർക്ക് എതിരഭിപ്രായം ഉണ്ടായിരുന്നെന്ന് സംവിധായകൻ സിബി മലയിൽ. സിനിമയുടെ കഥ കേൾക്കാൻ വന്ന വിതരണക്കാർക്ക് നായകൻ ചന്തയിൽ കീഴടങ്ങാൻ വേണ്ടി ഇരുന്ന് കൊടുക്കുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞെന്നും എന്നാൽ താനും ലോഹിയും അത് പൂർണമായും എതിർത്തെന്നും സിബി മലയിൽ പറഞ്ഞു.
കിരീടത്തിലെ നായകൻ ജീവിതത്തിൽ തോറ്റുപോയതാണെന്നും അയാൾക്ക് ഇനി കീരിക്കാടൻ ജോസിനെ കീഴ്പെടുത്തിയാലും ജീവിതത്തിൽ എല്ലാം നഷ്ടപെട്ടതാണെന്നും വിതരണക്കാരോട് പറഞ്ഞ് മനസിലാക്കിയെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിരീടം സിനിമയുടെ വിതരണക്കാർ കഥ കേൾക്കാൻ വന്ന സമയത്ത് കഥ മുഴുവൻ ഇഷ്ടപ്പെട്ടു. പക്ഷെ അവർക്ക് ഏക എതിരഭിപ്രായം ഉണ്ടായത് ഈ നായകൻ ചന്തയിൽ പോയിട്ട് കീഴടങ്ങാൻ തയ്യാറായി ഇരുന്നു കൊടുക്കുന്ന സീനാണ്. ‘ഇയാൾ ഒരു നായകനാണ്. എവിടെ കീരിക്കാടൻ ജോസ് എന്ന് പറഞ്ഞ് വരുന്ന ഒരാളാണ്, അതുകൊണ്ട് നായകന്റെ കീഴടങ്ങൽ പാടില്ല’ എന്ന് പറഞ്ഞു.
ലോഹിയും ഞാനും അതിനെ പൂർണ്ണമായും എതിർത്തു പറഞ്ഞു. ഇതുവരെ നിങ്ങൾ കണ്ടു ശീലിച്ചു വന്ന സിനിമയുടെ പ്രശ്നമാണ്. ഈ കഥയിലെ നായകൻ ചാകാൻ വേണ്ടി തന്നെയാണ് വന്നത്, തോറ്റുകൊടുക്കാൻ വേണ്ടി തന്നെയാണ് വന്നത്, ഇയാൾ തോറ്റു പോകുന്ന നായകൻ തന്നെയാണ്. അയാൾ മറ്റൊരാളെ കൊല്ലുന്നുണ്ടെങ്കിലും ജീവിതത്തിൽ അയാൾ തോറ്റു പോയവനാണ്. ഇയാളെ അടിച്ചു ജയിച്ചിട്ട് അയാൾ എവിടെയും എത്തിപ്പെടാൻ പോകുന്നില്ല.
നായകന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. കീരിക്കാടൻ ജോസിനെ അടിച്ചു കൊന്നാലും നായകൻ പരാജയപ്പെടുകയാണ്. അയാൾ അച്ഛൻറെ സ്വപ്നങ്ങൾ തകർത്തു കളഞ്ഞതാണ്. അതാണ് ഞങ്ങളുടെ നായകൻ. അതിൽനിന്നും ഒരു മാറ്റവും വരുത്താൻ തയ്യാറായില്ല എന്ന് പറഞ്ഞിട്ട് അവർക്ക് നമ്മളോട് യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിന്നീട് നമ്മുടെ ഭാഗം ശരിയാണെന്ന് അവർക്ക് മനസ്സിലായി,’ ലാൽ ജോസ് പറഞ്ഞു.
Content Highlight: distributers do not agreed with that scene in the kireedam movie