സമരം നടത്തുന്നത് ജനങ്ങളെ വലക്കാനാണെന്ന സ്ഥിരം മിഡില്‍ ക്ലാസ് അരാഷ്ട്രീയ തത്വം ഇറക്കിയ അവരെ ധീര വനിതയാക്കാന്‍ ചില മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചു. അവര്‍ ജനത്തിനിടയില്‍ സ്വീകാര്യയാക്കപ്പെട്ടു
അഭിപ്രായം / ഹൈറുന്നിസ
[]സഹായമഭ്യര്‍ത്ഥിച്ചു വന്ന് കണ്‍മുന്നില്‍ മറിഞ്ഞു വീണ വികലാംഗ സ്ത്രീയെ അവഗണിച്ച് കൊണ്ട് നടന്നു പോകുന്ന വി.ഡി സതീശന്‍ എം.എല്‍.എയുടെ സമകാലികനായി ജീവിക്കുമ്പോഴാണ് സി.പി.ഐ.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ വിശുദ്ധനാവുന്നത്.
എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ വഴി തടസപ്പെടുത്തിയതിന് നേതാക്കളോട് തട്ടിക്കയറിയ വീട്ടമ്മയോട് കടകംപള്ളി എങ്ങനെ പെരുമാറിയെന്ന് നമ്മള്‍ “ലൈവ്” ആയി കണ്ടതാണ്.
ഉപരോധത്തിനിടെ സി.പി.ഐ.എം നേതാക്കളോട് സന്ധ്യ തട്ടിക്കയറിയപ്പോള്‍ ജില്ലാ സെക്രട്ടറിയായ കടകംപള്ളി സുരേന്ദ്രന്‍ പോലീസിനു നേരെയാണ് തിരിഞ്ഞത്.
ബാരിക്കേഡുകള്‍ സ്ഥാപിച്ചതും വഴി മുടക്കിയതും പോലീസുകാരായത് കൊണ്ട് തന്നെ അവര്‍ക്കെതിരെ സംസാരിക്കാനാണ് കടകംപള്ളി ശ്രദ്ധിച്ചത്. സന്ധ്യയോട് മോശമായി ഒരു വാക്ക് പോലും കടകംപള്ളി സംസാരിച്ചതുമില്ല. ഒരു പൊതു പ്രവര്‍ത്തകന്റെ കുറഞ്ഞ ഉത്തരവാദിത്തങ്ങളിലൊന്നാണ് ഇത്. ജനങ്ങള്‍ക്ക് പറയാനും പ്രതികരിക്കാനും ഇടം കൊടുക്കുക എന്നത്.
സമരം നടത്തുന്നത് ജനങ്ങളെ വലക്കാനാണെന്ന സ്ഥിരം മിഡില്‍ ക്ലാസ് അരാഷ്ട്രീയ തത്വം ഇറക്കിയ അവരെ ധീര വനിതയാക്കാന്‍ ചില മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചു. അവര്‍ ജനത്തിനിടയില്‍ സ്വീകാര്യയാക്കപ്പെട്ടു. അനീതിക്കെതിരെ പ്രതികരിച്ചതിന് അവര്‍ക്ക് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികവും സമ്മാനിച്ചു.
ആകെ ചര്‍ച്ചകളും സംവാദങ്ങളുമായി. ഇടത് നേതാക്കളെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും ഗംഭീരമായി നടന്നു. എന്നാല്‍ സന്ധ്യയെ കൊണ്ടാടുന്നതിനിടക്ക് ചാനല്‍ കണ്ണുകള്‍ കാണാതെ പോവുകയായിരുന്നു അസൂറാ ബീവി എന്ന 60 കാരിയെ.
രോഗം ബാധിച്ച് അവശനായി തടവില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ അസൂറാ ബീവി ജയില്‍ സന്ദര്‍ശിക്കാനെത്തിയ വി.ഡി സതീശന്‍ എ.എല്‍.എയോട് സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു. അവശയായ സ്ത്രീ മറിഞ്ഞ് വീണപ്പോള്‍ ഒന്ന് പിടിച്ചെഴുന്നേല്‍പിക്കാന്‍ പോലും ആദര്‍ശ ധീരനായ എം.എല്‍.എ ശ്രമിച്ചില്ല എന്നതാണ് അത്ഭുതം.
മാത്രമല്ല അവരെ കടത്തി വിട്ടതിന് ജയില്‍ ജീവനക്കാരോട് ദേഷ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവം വാര്‍ത്തയായപ്പോള്‍ സതീശന്‍ എം.എല്‍.എ നിഷ്‌കളങ്കനായി. തനിക്ക് ചാനലുകള്‍ക്ക് മുമ്പില്‍ അഭിനയിക്കാന്‍ അറിയില്ല, ജയിലില്‍ കണ്ട സ്ത്രീയോട് സംസാരിച്ചാല്‍ അവര്‍ ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു- സതീശന്‍ ചോദിച്ചു.
എ.കെ ശശീന്ദ്രന്‍ പക്ഷേ പിന്നീട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.
കാലിന് സ്വാധീനമില്ലാത്ത വൃദ്ധയായ സ്ത്രീയോടും അടിസ്ഥാനമില്ലാതെ ഒരു സമരത്തെ ചോദ്യം ചെയ്ത സ്ത്രീയോടും കേരളത്തിലെ രണ്ട് മുന്നണികളിലെ രണ്ട് നേതാക്കള്‍ പെരുമാറിയ രീതികള്‍ നമ്മള്‍ കണ്ടു. ഇനി കാഴ്ചക്കാരാണ് കടകംപള്ളിയില്‍ നിന്ന് വി.ഡി സതീശനിലേക്ക് എത്ര ദൂരമുണ്ടെന്ന് നിശ്ചയിക്കേണ്ടതും ആ ദൂരം കുറക്കാനുള്ള മാര്‍ഗം കണ്ടെത്തേണ്ടതും.