ന്യൂദല്‍ഹി: ലോക്‌സഭാ സീറ്റില്‍ നൂറ് തികച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ സാംഗ്‌ലി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വിമത സ്ഥാനാര്‍ത്ഥി വിശാല്‍ പാട്ടീല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. ഇതോടെ ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 100 ആയി വര്‍ധിച്ചു. ശിവസേന ഉദ്ധവ് പക്ഷം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് വിശാല്‍ വിമതനായി മത്സരിച്ചത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി വിശാല്‍ പാട്ടീല്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് വിശാല്‍ ഖാര്‍ഗെക്ക് കൈമാറുകയും ചെയ്തു.
‘എന്റെ കുടുംബം വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ഭാഗമാണ്. എന്റെ അച്ഛനും മുത്തച്ഛനും സഹോദരനും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗങ്ങളായിരുന്നു,’ കൂടിക്കാഴ്ചയ്ക്ക് ശേഷം വിശാല്‍ പറഞ്ഞു.
തന്റെ കുടുംബം താക്കറെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നുവെന്നും വിശാല്‍ പറയുകയുണ്ടായി. തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ സാംഗ്‌ലിയില്‍ നിന്ന് തന്നെ മത്സരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ തീരുമാനം ഉദ്ധവ് താക്കറെയെ ബോധ്യപ്പെടുത്താനുള്ള ശ്രമവും നടത്തി. എന്നാല്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് നടപ്പിലായില്ല. ഇപ്പോള്‍ താന്‍ തെരഞെടുക്കപ്പെട്ടതിനാല്‍ താക്കറെയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും അവസാനിക്കിമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശാല്‍ പാട്ടീല്‍ പറഞ്ഞു.
വിശാല്‍ പാട്ടീലിന്റെ പിന്തുണയില്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 100 ആയി ഉയര്‍ന്നുവെന്ന് പാര്‍ട്ടി എം.ല്‍.എ വിശ്വജീത് കദം പ്രതികരിച്ചു. വിശാല്‍ പാട്ടീലിന്റെ രാഷ്ട്രീയ ഗുരു കൂടിയാണ് ഇദ്ദേഹം. വിശ്വജീത് കദമിനൊപ്പമാണ് വിശാല്‍ ദല്‍ഹിയിലെത്തിയത്.
മുന്‍ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്റെ ചെറുമകനാണ് വിശാല്‍ പാട്ടീല്‍. സാംഗ്‌ലിയില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പി സഞ്ജയ്കാക്ക പാട്ടീലിനെ 100053 വോട്ടുകള്‍ക്കാണ് വിശാല്‍ പാട്ടീല്‍ പരാജയപ്പെടുത്തിയത്.
Content Highlight: Dissident candidate Vishal Patil, who won from the Sangli Lok Sabha constituency in Maharashtra, extended his support to the Congress