ലക്നൗ: വരാനിരിക്കുന്ന ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വിമത ബി.ജെ.പി നേതാവായ ശത്രുഘ്നന്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചേക്കും. വരാണസിയിലെ സമാജ്വാദി പാര്‍ട്ടി(എസ്.പി) സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിന്‍ഹ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുന്‍ സിനിമാ താരം കൂടിയായ സിന്‍ഹ ബി.ജെ.പി വിടുമെന്നും, സ്ഥാനാര്‍ത്ഥിയായാല്‍ മോദിക്ക് വാരണാസി എളുപ്പമാകില്ലെന്നുമാണ് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കണക്കുകൂട്ടുന്നത്. അടുത്തകാലത്തായി മോദിസര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ശത്രുഘ്നന്‍ സിന്‍ഹ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്.
Read Also : കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാരണാസി സീറ്റില്‍ വിജയം ഉറപ്പിക്കാനായി എ.എ.പി പിന്തുണ തേടാനും എസ്.പി നേതാക്കന്മാര്‍ ശ്രമിക്കുന്നുണ്ട്. എ.എ.പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിയില്‍ വാരണാസിയില്‍ രണ്ടാമതെത്തിയത്.
വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയിലെ പ്രമുഖ സമുദായമായ “കായസ്ത ” വിഭാഗക്കാരില്‍ വലിയ സ്വാധീനമാണ് ശത്രുഘ്നന്‍ സിന്‍ഹക്ക് ഉള്ളത്. ഇതിനു പുറമെ, മണ്ഡലത്തില്‍ സ്വാധീനമുള്ള എ.എ.പിയുടെ പിന്തുണ ഉറപ്പാക്കുന്നതിനും എസ്.പി ശ്രമിക്കുന്നുണ്ട്. ഇത് വരുന്ന തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു.
കഴിഞ്ഞ ദിവസം ലക്നൗവില്‍ സമാജ് വാദി പാര്‍ട്ടി സംഘടിപ്പിച്ച ജയ്പ്രകാശ് നാരായണ്‍ അനുസ്മരണ ചടങ്ങില്‍ ശത്രുഘ്നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പമാണ് ഇരുവരും വേദി പങ്കിട്ടത്.