വര്‍ത്തമാനകാല ഇന്ത്യയില്‍ ഫാസിസ്റ്റ് വിരുദ്ധമായ ഏതു ചെറിയ ഇടപെടലുകളും വളരെ പ്രധാനമാണ് എന്ന് കരുതുന്നവരാണ് ജനാധിപത്യ പ്രവര്‍ത്തകര്‍. ആ അര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി സംഘപരിവാറിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടെയായിരുന്നു നോക്കി കണ്ടിരുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം അദ്ദേഹം, കേരള മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടത്തിയ അരാഷ്ട്രീയ പരാമര്‍ശം വളരെ നിരാശജനകവും കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ നേതാവിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും വരാന്‍ പാടില്ലാത്തതും ആകുന്നു എന്നു മത്രമല്ല, അദ്ദേഹം തന്നെ സംഘപരിവാറിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നു എന്നു കരുതുന്ന രാഷ്ട്രീയ സമരത്തെ റദ്ദ് ചെയ്യുന്നതുമാകുന്നു.
അദ്ദേഹം കേരളത്തില്‍,UDF റാലിയെ അഭിസംബോധചെയ്യുമ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇങ്ങിനെയാണ്
2014 ന് ശേഷം ഇന്ത്യയില്‍ വന്ന ഭരണമാറ്റത്തെ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പകരം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തിയിരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല രാഷ്ട്രീയ നിരീക്ഷകര്‍ രേഖപ്പെടുത്തുന്നത്. മറിച്ച് ഇന്ത്യന്‍ ഭരണ വ്യവസ്ഥ 2014 ന് ശേഷം ‘ State temple Corporate ‘ എന്ന രീതിയിലുള്ള ഒരു ഫാസിസ്റ്റ് ഭരണ സംവിധാനമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന രൂപത്തിലാണ്.
അതായത് , സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സര്‍ക്കാറും കോര്‍പ്പറേറ്റ് -ഭരണകൂടവും 2014 ന് ശേഷം പൊളിറ്റിക്കല്‍ ബ്രഹ്മണിസത്തിന്റെ മാധ്യമികതയില്‍ ഉരുകി ഒന്നായി മാറിയിരിക്കുന്നു എന്നാണ് അത് അര്‍ത്ഥമാക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭരണവ്യവഹാര സ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളും, ഭരണഘടനപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിനുള്ള ഉപകരണമായി അതിതീവ്രം മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത.
ആയതിനാല്‍ ഫാസിസത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ കേസുകളും നടപടികളും എടുക്കുന്നതിന് പുറമേ, ഇന്ത്യയിലെ സംഘപരിവാറിന്റെ നിയന്ത്രണത്തിലല്ലാത്ത സംസ്ഥാന സര്‍ക്കാറുകളെ തകര്‍ക്കാന്‍, മുഖ്യമന്ത്രിയേയോ അല്ലെങ്കില്‍ സര്‍ക്കാറിന്റ ഭാഗമായി നില്‍ക്കുന്നവരേയോ അന്വേഷണ ഏജന്‍സിയുടെ പ്രയോഗത്തിലൂടെ തങ്ങളുടെ വിധേയത്തിലാക്കുകയൊ, വിധേയരാകത്തവരെ എന്തെങ്കിലും പഴുതുകള്‍ കണ്ടെത്തി ജയിലിലാക്കുകയോ ചെയ്യുന്ന ഫാസിസ്റ്റ് രീതിയുടെ പ്രയോഗമാണ് വര്‍ത്തമാനകാല ഇന്ത്യ അഭിമുഖീകരിക്കുന്നത്.
ഇതാണ് കെജ്രിവാളും സോറനും ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരമൊരു രാഷ്ട്രീയ സന്ദര്‍ഭത്തില്‍, INDIA മുന്നണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവില്‍ നിന്നും INDIA മുന്നണിയുടെ രാഷ്ട്രീയ നീതിക്ക് നിരക്കാത്ത,മേല്‍ സൂചിപ്പിച്ച പരാമര്‍ശങ്ങള്‍ വരുന്നു എന്നത് , അദ്ദേഹവും, അദ്ദേഹം നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയും, ഇന്ത്യന്‍ ഫാസിസത്തെ വിലയിരുത്തുന്നതില്‍ അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയേയും ,രാഷ്ട്രീയ ജാഗ്രതയുടെ അഭാവത്തെയുമാണ് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒന്നാമത്തെ കാര്യം വസ്തുതാ വിരുദ്ധമാണ്. എന്തെന്നാല്‍
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഏതാണ്ട് കുറേ വര്‍ഷങ്ങളായി തന്റെ പ്രസംഗത്തിന്റെ നല്ലൊരു ഭാഗവും ഉപയോഗിക്കുന്നത് സംഘപരിവാര്‍ വിമര്‍ശനത്തിനാണ്.
അതുകൊണ്ട് തന്നെ സംഘപരിവാറിന്റെ കേരളത്തിലെ ഒന്നമത്തെ ശത്രുവായി അവര്‍ കണക്കാക്കുന്നത് തന്നെ പിണറായി വിജയനെയാണ്.
ഇലക്ഷന്റെ ഭാഗമായി നടത്തുന്ന പ്രഭാഷണത്തില്‍ മാത്രമല്ല, എല്ലാ പ്രഭാഷണങ്ങളി ലും സംഘപരിവാര്‍ ശക്തികളുടെ നിലപാടുകളെയാണ് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ അതി നിശിതമായി അദ്ദേഹം വിമര്‍ശിക്കുന്നത്.
അങ്ങിനെ വിമര്‍ശനമുന്നയിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ലിബറല്‍ പ്രസ്ഥാനങ്ങള്‍ ഫാസിസ്റ്റ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമമുള്‍പ്പെടെയുള്ള ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരെ കൃത്യവും വ്യക്തവുമായ നിലപാട് എടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനെ തുറന്ന്കാട്ടുകയും ചെയ്യുന്നു എന്നുള്ളത് ലിബറല്‍ പ്രസ്ഥാനങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പരിമിതിയെ വസ്തുതാപരമായി ചൂണ്ടിക്കാട്ടുക എന്ന ഉത്തരവാദിത്വം കൂടി നിര്‍വഹിക്കുകയാണ്.
അതായത് സഘപരിവാര്‍ ശക്തികള്‍ക്കെതിരെ അതിശക്തമായ ഇടപെടലുകള്‍ പ്രഭാഷണങ്ങളിലും, താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും നടപ്പാക്കുന്ന, സി.പി.എം നേതാവ് എന്ന നിലക്ക് അദ്ദേഹത്തിന്റെ ചുമതല കൂടിയാണ് ഇത്തരം ഇടപെടല്‍.
അത്തരം വിമര്‍ശനം കോണ്‍ഗ്രസ്സിനെ തകര്‍ക്കാനുള്ളതല്ല എന്നും കോണ്‍ഗ്രസ്സ് ഒരു കാലത്ത് അഥവാ നെഹറുവിന്റെ കാലത്ത് ഉയര്‍ത്തി പിടിച്ചിരുന്ന മൂല്യങ്ങളിലെക്ക് വര്‍ത്തമാനകാലത്ത് മാറേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ആ അര്‍ത്ഥത്തിലാണ് കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാവായ രാഹുല്‍ ഗാന്ധി, സംഘപരിവാര്‍ ശക്തികളുമായി തിരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം (സുരക്ഷിത മണ്ഡലങ്ങള്‍ കര്‍ണ്ണാടകയിലുള്‍പ്പെടെ ഉളള സമയത്ത് ) കേരളത്തില്‍ വന്ന് INDIA മുന്നണിയുമായി തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന കേരള മുഖ്യമന്ത്രിയുടെ ചോദ്യത്തെ നോക്കി കാണേണ്ടത്. അതാകട്ടെ രാഷ്ട്രീയ കൃത്യതയുടെ അടയാളവുമാണ് അല്ലാതെ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ വിമര്‍ശനവുമല്ല.
ഇത്തരം വിമര്‍ശനങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം തനിക്കും തന്റെ പാര്‍ട്ടിക്കും എതിരെ മുഖ്യമന്ത്രി വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി മുഖ്യമന്ത്രിയെ ED ചോദ്യം ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും തന്റെ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നത് താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ദേശീയ രാഷ്ട്രീയ മാനത്തിലേക്ക് ഉയരുന്നതിന് പകരം തന്റെ പ്രസ്ഥാനത്തിന്റെ കേരളഘടകത്തിന്റെ സങ്കുചിത രാഷ്ട്രീയ വൃത്തത്തിനകത്തേക്ക് അടിതെറ്റി വീഴുകയാണ് അദ്ദേഹം ചെയ്തത്.
മാത്രമല്ല അത്തരം പ്രസ്ഥാവനകള്‍ കേരള മുഖ്യമന്ത്രിക്കെതിരെ, പ്രധാനമന്ത്രി കേരളത്തില്‍ വന്ന് നടത്തിയ പ്രസ്ഥാവനകളോട് കണ്ണിചേര്‍ക്കപ്പെടുന്നുണ്ട് എന്നത് കൂടി പരിഗണിക്കുമ്പോള്‍, രാഹുല്‍ഗാന്ധി എത്തിപ്പെട്ട അരാഷ്ട്രീയതയുടെ ആഴം കൂടുതല്‍ വ്യക്തമാക്കുകകൂടി ചെയ്യുന്നു.
കേരളം എന്നത്, മതങ്ങളിലും വിശ്വാസങ്ങളിലും എല്ലാം വ്യത്യസ്തത നില നില്‍ക്കുമ്പോള്‍ തന്നെ മനുഷ്യര്‍ പരസ്പരം ഒരുമിച്ച് നില്‍ക്കുകയും സ്‌നേഹം പങ്കിടുകയും സൗഹൃദത്തിന്റെയും ഉയര്‍ന്ന മാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന പ്രദേശമാണ്.
അവിടെ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ അതിശക്തമായ നിലപാട് പ്രഖ്യാപിക്കുകയും, നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ കാവലാളാകുകയു ആണ് പിണറായി വിജയന്‍ എന്ന കേരളമുഖ്യമന്ത്രി.
തന്റെ ഭാരത് ജോഡോ യാത്രയില്‍ ‘ഈ വെറുപ്പിന്റെ നാട്ടില്‍ താന്‍ സ്‌നേഹത്തിന്റെ പൂക്കട തുറന്നു ‘ എന്ന് കാശ്മീരില്‍ നിന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി എന്തിനാണ് സൗഹൃദത്തിന്റെ സൗരഭ്യം പരക്കുന്ന ഈ കേരളത്തില്‍ വന്ന് ‘വെറുപ്പിന്റെ പടക്കോപ്പ്കട’തുറക്കാന്‍ ശ്രമിക്കുന്നത് എന്ന് ഏറെ വേദനയോടെ ചോദിക്കട്ടെ.
content highlights: Dissenting note on Rahul Gandhi’s remarks against Pinarayi Vijayan