| Monday, 2nd November 2020, 8:25 pm

എം.ഇ.എസില്‍ ഭിന്നത രൂക്ഷം; ഫസല്‍ ഗഫൂറിന്റെ രാജി ആവശ്യപ്പെട്ടവരെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന കേസില്‍ എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിന്റെ രാജി ആവശ്യപ്പെട്ടവരെ സംഘടനയില്‍ നിന്നും പുറത്താക്കി. എം.ഇ.എസിന്റെ സംസ്ഥാന സെക്രട്ടറി ഡോ. എന്‍.എം മുജീബ് റഹ്മാനെയും സംസ്ഥാന കമ്മിറ്റി അംഗത്തെയുമാണ് പുറത്താക്കിയത്.

എം.ഇ.എസ് സ്ഥാപിതമായതിന് ശേഷം ആദ്യമായാണ് സംഘടനയിലെ നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരുന്നതെന്നും ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇങ്ങനെയുണ്ടായിട്ടില്ലെന്നും ആരോപിച്ച മുജീബ്, ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പി.ഒ.ജെ ലബ്ബയും രാജി വെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എം.ഇ.എസ് സങ്കീര്‍ണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പുറത്താക്കലിന് ശേഷം മുജീബ് പ്രതികരിച്ചു. നിയമപരമായും സംഘടനാപരമായും നേരിടുമെന്നും മുജീബ് കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഭൂമി വാങ്ങുന്നതിനായി എം.ഇ.എസിന്റെ ഫണ്ടില്‍ നിന്നും 3.70 കോടി രൂപ രണ്ട് സ്ഥാപനങ്ങളിലേക്ക് കൈമാറിയെന്ന പരാതിയാണ് ഫസല്‍ ഗഫൂറിനും പി.ഒ.ജെ ലബ്ബക്കും മേല്‍ ചുമത്തിയിരുന്നത്. സംഘടനയ്ക്കകത്തെ ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഫസല്‍ ഗഫൂര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്.

Content Highlight: dissent sharpens in mes organizational action against those who criticized fazal ghafoor

We use cookies to give you the best possible experience. Learn more