ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും കൂടെയുള്ള 18 എം.എല്‍.എമാരെയും നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ സ്പീറുടെ നടപടിക്കെതിരെയുള്ള പരാതിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യപരമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിയോജിപ്പുകള്‍ ഉന്നയിക്കുന്നത് ആഭ്യന്തര കാര്യമാണ്. അത് വീഴ്ച വരുത്തുന്നതിന് തുല്യമല്ലെന്നും പൈലറ്റ് വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു.
നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറല്‍ വിരുദ്ധ നിയമത്തിന്റെ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ സംഭവിച്ചത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
വസതികളിലും ഹോട്ടല്‍ മുറികളിലും നടന്ന യോഗങ്ങളില്‍ വിപ്പ് ചുമത്താന്‍ സാധിക്കില്ല. നിയമസഭയില്‍ മാത്രമേ വിപ്പിന് നിയമസാധുതയുള്ളു. അതുകൊണ്ട് പൈലറ്റും മറ്റ് എം.എല്‍.എമാര്‍ക്കും എതിരെ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരാവുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ