| Saturday, 1st September 2018, 9:07 pm

ഭിന്നാഭിപ്രായങ്ങള്‍ നല്ലത്, പക്ഷേ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ന്യായീകരിച്ച് രാജ്‌നാഥ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭിന്നാഭിപ്രായങ്ങള്‍ നല്ലതാണെങ്കിലും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നിയമം കൈയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശദമായ അന്വേഷണത്തിനു ശേഷമാണ് അഞ്ചു പേരെയും അറസ്റ്റു ചെയ്തതെന്നും ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും മന്ത്രി പറയുന്നു. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയത്. ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുന്ന ഇത്തരം വിഘടനവാദികളെ കര്‍ശനമായി നേരിടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജ്‌നാഥ് സിംഗ് അറസ്റ്റുകളെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.

Also Read: ഇവരാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

“വിസമ്മതം രേഖപ്പെടുത്തുന്ന ഒരു ശബ്ദവും ഞങ്ങള്‍ അടിച്ചമര്‍ത്തിയിട്ടില്ല. ഇക്കാര്യത്തില്‍ എന്‍.ഡി.എയ്ക്ക് ക്ലീന്‍ റെക്കോര്‍ഡാണുള്ളത്. പക്ഷേ രാജ്യത്ത് ഭിന്നത കൊണ്ടുവരാന്‍ നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടുകയുമില്ല.” മന്ത്രി വിശദീകരിച്ചു.

നക്‌സലുകള്‍ നഗരങ്ങളിലേക്കു ചേക്കേറുന്നത് അത്ഭുതാവഹമാണ്. അക്രമത്തിലധിഷ്ഠിതമായ ആശയങ്ങള്‍ കൊണ്ട് അവര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഇപ്പോള്‍ അറസ്റ്റിലായവരും ഇക്കൂട്ടത്തില്‍പ്പെട്ടവരാണ്. നേരത്തേയും സമാനമായ വിഷയങ്ങളില്‍ അറസ്റ്റിലായിട്ടുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്, രാജ്‌നാഥ് സിംഗ് പറയുന്നു.

We use cookies to give you the best possible experience. Learn more