ന്യൂദല്‍ഹി: ബി.ജെ.പിയുടെ ദളിത് വിരുദ്ധ നിലപാടിനെതിരെ പാര്‍ട്ടിയിലെ കൂടുതല്‍ ദളിത് ജനപ്രതിനിധികള്‍ രംഗത്ത്. ദളിതരോടുള്ള നിലപാടില്‍ അതൃപ്തി അറിയിച്ച് യു.പിയില്‍ നിന്നും മറ്റൊരു ബി.ജെ.പി ദളിത് എം.പി കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ യശ്വന്ത് സിന്‍ഹയാണ് മോദിക്ക് കത്തെഴുതിയത്. “ദളിത് ആയതിനാല്‍ എന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നില്ല. സംവരണം കാരണം മാത്രമാണ് ഞാന്‍ എം.പിയായത്.” എന്നാണ് കത്തില്‍ അദ്ദേഹം പറയുന്നു.
നാലുവര്‍ഷത്തിനിടെ സര്‍ക്കാര്‍ മുപ്പതുകോടി ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി സ്ഥാപിതമായതിന്റെ 38ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ പരസ്യപ്രതിഷേധവുമായി ദളിത് ജനപ്രതിനിധികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ദളിതനായതിന്റെ പേരില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും വിവേചനം നേരിടുന്നുവെന്നാരോപിച്ച് മോദിക്ക് കത്തെഴുതുന്ന യു.പിയിലെ നാലാമത്തെ എം.പിയാണ് യശ്വന്ത് സിന്‍ഹ. നേരത്തെ എം.പിമാരായ അശോക് ദോഹ്രെ, ഛോട്ടേലാല്‍ ഖര്‍വാറും, സാവിത്രി ഫൂലെയും പ്രധാനമന്ത്രിയ്ക്ക് ഇത്തരത്തില്‍ കത്തയച്ചിരുന്നു.
ഏപ്രില്‍ രണ്ടിനു നടന്ന ഭാരത് ബന്ദില്‍ ദളിതര്‍ക്കെതിരെ യു.പി പൊലീസ് നടത്തിയ അതിക്രമങ്ങള്‍ വിശദീകരിച്ചായിരുന്നു ദോരെയുടെ കത്ത്. ദളിത് യുവാക്കളെ പൊലീസ് വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് നിര്‍ദാഷീണ്യം മര്‍ദ്ദിച്ചിരുന്നെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.