| Tuesday, 1st April 2025, 12:56 pm

ഇസ്രഈല്‍ മന്ത്രിസഭയില്‍ ഭിന്നത; രാജിവെച്ച് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ബെസലേല്‍ സ്‌മോട്രിച്ച് രാജിവെച്ചു. ഇന്നലെ (തിങ്കളാഴ്ച്ച) പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അയച്ച കത്തിലാണ് രാജിവെച്ചതായി സ്‌മോട്രിച്ച് അറിയിച്ചത്.

ഇസ്രഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെട്ടതില്‍ പ്രതിഷേധിച്ച് രാജിവെച്ച ദേശീയ സുരക്ഷ മന്ത്രി ബെന്‍ ഗ്വിര്‍അടുത്തിടെ വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. ഇദ്ദേഹം തന്റെ പാര്‍ട്ടിയായ ജ്യൂയിഷ് പവര്‍ പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സ്‌മോട്രിച്ചിന്റെ രാജി.

സ്‌മോട്രിച്ചും നെതന്യാഹുവിന്റെ ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ കരാറുകള്‍ ബെന്‍ ഗ്വിര്‍, ലംഘിച്ചുവെന്ന് റിലീജിയസ് സയണിസം പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്‌മോട്രിച്ചിന്റെ രാജി നെതന്യാഹുവിന്റെ സര്‍ക്കാരില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കില്ല എന്നാണ് വിലയിരുത്തല്‍.

മന്ത്രി സ്ഥാനം നഷ്ടമായതോടെ റിലീജിയസ് സയണിസ്റ്റ് പാര്‍ട്ടിയുടെ അംഗമായി സ്‌മോട്രിച്ച്  ഇസ്രഈലി പാര്‍ലമെന്റില്‍ (നെസറ്റ്) തുടരും.

അതേസമയം സമീപ മാസങ്ങളില്‍ ആഭ്യന്തര ഭിന്നതകള്‍ ശക്തമാവുന്ന ഇസ്രഈലിലെ തീവ്ര വലതുപക്ഷ സഖ്യത്തിലെ തര്‍ക്കങ്ങളെയാണ് ഈ രാജി പ്രതിഫലിപ്പിക്കുന്നതെന്ന വിമര്‍ശനമുണ്ട്.

പലപ്പോഴും തീവ്ര വലതുപക്ഷ നിലപാടുകള്‍ എടുത്തിരുന്ന സ്‌മോട്രിച്ച് ഗസയില്‍ ഇസ്രഈല്‍ കൂട്ടക്കൊല ആരംഭിച്ചതുമുതല്‍, എല്ലാ വെടിനിര്‍ത്തല്‍ ശ്രമങ്ങളെയും എതിര്‍ത്തിരുന്നു. വെടിനിര്‍ത്തല്‍ കരാറിലെത്തിയാല്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാരില്‍ നിന്ന് പിന്‍വലിക്കുമെന്ന് പോലും ഭീഷണിപ്പെടുത്തി.

അന്താരാഷ്ട്ര നിയമങ്ങളെ മറികടന്ന്, അധിനിവേശ വെസ്റ്റ് ബാങ്കിനെ പിടിച്ചെടുക്കാനുള്ള പല പദ്ധതികളും അദ്ദേഹം അനാവരണം ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിനു പുറമേ, ഗസ പിടിച്ചെടുക്കുന്നതിനും അവിടേക്ക് ഇസ്രഈലി കുടിയേറ്റക്കാരെ താമസിപ്പിക്കണമെന്നും സ്‌മോട്രിച്ച് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Dissension in Israeli cabinet; Finance Minister Bezalel Smotrich resigns

Latest Stories

We use cookies to give you the best possible experience. Learn more