ദൈവത്തെയോര്‍ത്ത് നിങ്ങളുടെ ജോലി ചെയ്യൂ. നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് പാര്‍ലമെന്റില്‍ ജോലി ചെയ്യാനാണ്, എം.പിമാരെ ഉദ്ദേശിച്ച് രാഷ്ട്രപതി പറഞ്ഞു. ചര്‍ച്ച, സംവാദം, തീരുമാനം എന്നിവയാണ് പാര്‍ലമെന്റില്‍നിന്ന് ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ന്യൂദല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന എം.പിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
കഴിഞ്ഞ ദിവസം സഭാസ്തംഭനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും രംഗത്തെത്തിയിരുന്നു.
സഭാ നടപടികള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ 14 ദിവസങ്ങളോളം നഷ്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതികരണവുമായി രാഷ്ട്രപതി രംഗത്തെത്തിയത്.
ദൈവത്തെയോര്‍ത്ത് നിങ്ങളുടെ ജോലി ചെയ്യൂ. നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് പാര്‍ലമെന്റില്‍ ജോലി ചെയ്യാനാണ്, എം.പിമാരെ ഉദ്ദേശിച്ച് രാഷ്ട്രപതി പറഞ്ഞു. ചര്‍ച്ച, സംവാദം, തീരുമാനം എന്നിവയാണ് പാര്‍ലമെന്റില്‍നിന്ന് ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഡിഫന്‍സ് എസ്‌റ്റേറ്റ്‌സ് ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉടലെടുത്ത നോട്ട് പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ട് വിശദീകരിക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. മോദി രാജ്യസഭയില്‍ ഹാജരായിരുന്നെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം സഭാസ്തംഭനത്തിന്റെ പേരില്‍ പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറിനെ അടുത്ത് വിളിച്ച് അദ്വാനി ക്ഷുഭിതനായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഭാസ്തംഭനത്തിന് ഉത്തരവാദികളാണെന്നും അദ്വാനി കുറ്റപ്പെടുത്തിയിരുന്നു.