ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളെയടക്കം ഇസ്രഈല്‍ കൊന്നുതള്ളിയത് 400ലധികം കായികതാരങ്ങളെ; രൂക്ഷവിമര്‍ശനവുമായി ഫുട്‌ബോള്‍ അസോസിയേഷന്‍
World News
ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളെയടക്കം ഇസ്രഈല്‍ കൊന്നുതള്ളിയത് 400ലധികം കായികതാരങ്ങളെ; രൂക്ഷവിമര്‍ശനവുമായി ഫുട്‌ബോള്‍ അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2024, 4:34 pm

ഗസ: ഗസയിലെയും അധിനിവേശ ഫലസ്തീനിലെയും സ്പോര്‍ട്സ് അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇസ്രഈല്‍ സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍.

കായിക താരങ്ങളെ കൊന്നൊടുക്കുകയും സ്റ്റേഡിയങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഇസ്രഈല്‍ സൈന്യത്തിന്റെ നടപടിക്കെതിരെയാണ് ഫുട്ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയത്. ഗസയിലും അധിനിവേശ ഫലസ്തീനിലും ഇസ്രഈല്‍ സൈന്യം നടത്തുന്ന നരനായാട്ടിനെ കുറിച്ചും കായികരംഗത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ കുറിച്ചും ഫലസ്തീന്‍ ഫുട്ബോള്‍ വക്താവ് ദിമ സെയ്ദ് സംസാരിച്ചു.

അല്‍ തെഹറിയ, സിന്‍ജില്‍, ജെനിന്‍ മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയും ഭാഗികമായി തകര്‍ക്കുകയും ചെയ്തതായി ദിമ സെയ്ദ് വ്യക്തമാക്കി.

‘ഇവിടങ്ങളില്‍ കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുക മാത്രമല്ല, താരങ്ങളെയും പരിശീലകരെയും അധിക്ഷേപിക്കുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്,’ പ്രസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

സാഹചര്യങ്ങള്‍ ഏറെ ഗുരുതരമാണെന്നും ഇത്തരം സ്റ്റേഡിയങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും കുത്തിനിറയ്ക്കാനുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാക്കി മാറ്റിയെന്നും പി.എഫ്.എ വക്താവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഗസയില്‍ ആരംഭിച്ച ഇസ്രഈലി വംശഹത്യയില്‍ ഏകദേശം 41,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അനൗദ്യോഗിക മരണസംഖ്യ ഇതില്‍ കൂടുതലാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ 400ലധികം പേര്‍ ഫലസ്തീന്‍ ദേശീയ ടീമിനും വിവിധ ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ച ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ലീറ്റുകളാണ്. മുഹമ്മദ് ബറകത്തും ഇത്തരത്തില്‍ കൊല്ലപ്പെട്ട ഫുട്‌ബോളറാണ്.

വിശുദ്ധ റമദാന്‍ മാസത്തില്‍ ഖാന്‍ യൂനിസ് നഗരത്തിലുണ്ടായ ആക്രമണത്തിലാണ് ബറകത്ത് കൊല്ലപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തെ ഗസ പ്രീമിയര്‍ ലീഗ് ജേതാക്കളായ ഖദമ റഫ ഫുട്ബോള്‍ ക്ലബ്ബിന്റെ ഗോള്‍ കീപ്പറായിരുന്ന മഹ്‌മൂദ് ഒസാമ അല്‍ ജസറാണ് ഇസ്രഈല്‍ ഭരണകൂടം കൊലപ്പെടുത്തിയ മറ്റൊരു പ്രമുഖ കായിക താരം.

ഫലസ്തീന്‍ അത്ലീറ്റുകള്‍ക്കെതിരായ കുറ്റകൃത്യത്തിനും സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചറുകളുടെ നശീകരണത്തിനും ഉത്തരവാദികള്‍ ഇസ്രഈലി ഭരണകൂടമാണെന്ന് ദിമ സെയ്ദ് ഊന്നിപ്പറഞ്ഞു.

കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കല്‍, അത്ലീറ്റുകളുടെ കൊലപാതകം അടക്കം ഫലസ്തീന്‍ കായികമേഖലയെ ഇസ്രഈല്‍ ഭരണകൂടം ആസൂത്രിതമായി ലക്ഷ്യമിടുന്നതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പോരാട്ടം ഏറെ ദുഷ്‌കരമാണെങ്കിലും ഫലസ്തീന്‍ അത്ലീറ്റുകള്‍ക്കും കായികരംഗത്തിനുമെതിരായ കുറ്റകൃത്യങ്ങളില്‍ ഇസ്രഈലിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള പോരാട്ടവും പ്രചരണവും തുടരും. ആത്യന്തികമായി വിജയിച്ചേ മതിയാകൂ എന്ന ദൃഢനിശ്ചയവുമായി ഫലസ്തീന്‍ കായിക സമൂഹം മുമ്പോട്ട് പോവുകയാണ്.

കായികരംഗത്തിന്റെയും കായിക താരങ്ങളുടെയും അടിസ്ഥാന അവകാശങ്ങളുും സുരക്ഷയും ഉറപ്പാക്കുന്ന ഒളിമ്പിക് ചാര്‍ട്ടര്‍, ഫിഫ ഉള്‍പ്പെടെയുള്ളവരുടെ അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും ഇസ്രഈല്‍ ലംഘിക്കുന്നതായി ഫലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു,’ ദിമ സെയ്ദ് പറഞ്ഞു.

ഫലസ്തീന്‍ ഫുട്ബോളിന്റെയും യുവാക്കളുടെയും ഭാവി അപകടത്തിലാക്കുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ കായിക-മനുഷ്യാവകാശ സംഘടനകളോട് അഭ്യര്‍ത്ഥിക്കുന്നതായും അവര്‍ പറഞ്ഞു.

വംശഹത്യയുടെ പശ്ചാതലത്തില്‍ ഗസയിലെ സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ആയിരക്കണക്കിന് ഫലസ്തീനികളുടെ അഭയകേന്ദ്രമായ സെന്‍ട്രല്‍ ഗസ മുനമ്പിലെ അല്‍-ദുറ സ്റ്റേഡിയം മാത്രമാണ് ഇപ്പോള്‍ അവിടെ ബാക്കിയുള്ളത്.

 

 

Content Highlight: Disrupting the sports sector; The Palestinian Football Association strongly criticized the Israeli army