| Thursday, 20th April 2023, 11:30 am

അയോഗ്യത കേസ്; രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളി സൂറത്ത് ജില്ലാ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി സൂറത്ത് ജില്ലാ കോടതി. അയോഗ്യത കേസിലെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്റ്റേയാണ് സൂറത്ത് സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊകേര തള്ളിയത്.

രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ഒപ്പം ശിക്ഷ നിര്‍ണയിച്ച വിധിയിലും നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ആറ് മണിക്കൂറോളം നീണ്ടുനിന്ന വാദം കേള്‍ക്കലിന് ശേഷവും രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി ഇപ്പോഴും തുടരുകയാണ്.

അതേസമയം വിധിയില്‍ രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക് അപ്പീലുമായി പോകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന വാദത്തില്‍ കേസ് നിയമപരമല്ലന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. പരാതിക്കാരന്‍ വാട്‌സ്ആപ്പ് വഴിയാണ് വീഡിയോ കണ്ടതെന്നും മോദി എന്നത് ഒരു സമുദായമായി കണക്കാക്കാന്‍ പറ്റില്ലെന്നും വാദിച്ചു.

അതേസമയം രാഹുല്‍ ഗാന്ധിക്ക് നേരെ ഇതിന് മുമ്പും കേസുകള്‍ ഉണ്ടെന്നാണ് എതിര്‍ഭാഗം വാദിച്ചത്.

മാര്‍ച്ച് 23ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് ലോക്‌സഭാ എം.പി സ്ഥാനത്ത് നിന്ന്  അയോഗ്യനാക്കുകയുമായിരുന്നു.

2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി പുറപ്പെടുവിച്ചു.

വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതിയുടെ മുന്‍ വിധി പ്രകാരം രണ്ട് വര്‍ഷമോ അതില്‍ അധികമോ ശിക്ഷ ലഭിച്ചവര്‍ അയോഗ്യരാകുമെന്നും ഇപ്രകാരം രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലായിരുന്നു അയോഗ്യനാക്കിയ നടപടി.

CONTENT HIGHLIGHT: Disqualification case; Surat District Court rejected Rahul Gandhi’s appeal

We use cookies to give you the best possible experience. Learn more