പ്രിയങ്കയ്ക്ക് മേല്‍ കൈവെക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് ബി.ജെ.പി നേതാവ്; പാര്‍ട്ടിയില്‍ അസ്വാരസ്യം; യോഗിക്ക് കത്ത്
national news
പ്രിയങ്കയ്ക്ക് മേല്‍ കൈവെക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് ബി.ജെ.പി നേതാവ്; പാര്‍ട്ടിയില്‍ അസ്വാരസ്യം; യോഗിക്ക് കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th October 2020, 11:43 am

മുംബൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ യു.പി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബി.ജെ.പിക്കുള്ളിലും അഭിപ്രായ വ്യത്യാസം. മഹാരാഷ്ട്ര ബി.ജെ.പി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തന്റെ അതൃപ്തി ചിത്രവാഗ് അറിയിച്ചു. പ്രിയങ്കയെ കയ്യേറ്റം ചെയ്ത പൊലീസിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ചിത്രവാഗ് ആവശ്യപ്പെട്ടു.

ഒരു വനിതാ നേതാവിനെ കൈവെക്കാന്‍ പൊലീസിന് എങ്ങനെ ധൈര്യം വന്നെന്ന് ചിത്ര വാഗ് ചോദിച്ചു.

യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് ബി.ജെ.പിയിലെ നേതാവ് തന്നെ യു.പി പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ചിത്ര വാഗ് തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ഹാത്രാസിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരെ പൊലീസ് കയ്യേറ്റം നടത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടത്.

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയയിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Disputes Within BJP On Police action against Priyanka Gandhi