| Saturday, 12th March 2022, 10:27 am

തോല്‍വിയിലും പഠിക്കാതെ കോണ്‍ഗ്രസ്; തലപ്പത്ത് ഗാന്ധി കുടുംബം തന്നെ മതിയെന്ന് ഡി.കെ. ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ തലപ്പത്ത് ഗാന്ധി കുടുംബം ഇല്ലെങ്കില്‍ പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍.

സംസ്ഥാന തെരഞ്ഞെടുപ്പിലെ 0/5 എന്ന നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് നേതൃത്വത്തെ ന്യായീകരിച്ച് ശിവകുമാര്‍ രംഗത്തെത്തിയത്.

”ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒറ്റക്കെട്ടായി നില്‍ക്കാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തിന് അവരാണ് പ്രധാനം. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍ക്കുക അസാധ്യമാണ്,” ശിവകുമാര്‍ പറഞ്ഞു.

അധികാരത്തിന് ദാഹിക്കുന്നവര്‍ക്ക് ദയവായി കോണ്‍ഗ്രസില്‍ നിന്ന് പോകാമെന്നും ശിവകുമാര്‍ പറഞ്ഞു.

”വ്യക്തിപരമായ നേട്ടങ്ങള്‍ കാണുന്ന ആളുകള്‍ കോണ്‍ഗ്രസ് വിടുകയാണ്. ബാക്കിയുള്ളവര്‍ക്ക് അധികാരത്തില്‍ താല്‍പര്യമില്ല. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടും വിശ്വസ്തരാണ്, ഗാന്ധി കുടുംബത്തോടൊപ്പം എപ്പോഴും നില്‍ക്കും,” ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഡി.കെ. ശിവകുമാറിന്റെ പരാമര്‍ശം.

നേരത്തെ തന്നെ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്ന ജി-23 നേതാക്കള്‍ പാര്‍ട്ടിയുടെ തോല്‍വിയോടെ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.

നേതൃമാറ്റം അനിവാര്യമാണ് എന്ന അഭിപ്രായമാണ് ജ-23 നേതാക്കള്‍ക്ക്. നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പു ഫലത്തില്‍ വേദനിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും പറഞ്ഞു.

Content Highlights: Disputes in Congress, after election

Latest Stories

We use cookies to give you the best possible experience. Learn more