| Friday, 18th December 2020, 7:56 am

'കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് സുരേന്ദ്രന്‍ സ്ഥാനമാനങ്ങള്‍ വാരിക്കോരി നല്‍കി'; ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ കേന്ദ്രത്തിന് കത്തെഴുതി ശോഭാ സുരേന്ദ്രന്‍- കൃഷ്ണദാസ് പക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം ബി.ജെ.പിയില്‍ ശക്തമാകുന്നു.
സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും
നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവിഭാഗവും വെവ്വേറെ കത്തയച്ചെന്നാണ് വിവരം. എഷ്യാനെറ്റ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും വിമര്‍ശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വിയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എല്ലാക്കാര്യങ്ങളും സുരേന്ദ്രന്‍ ഒറ്റക്ക് തീരുമാനിക്കുകയാണെന്നും ഇരുപക്ഷവും ആരോപിച്ചു.

തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, കെ.പി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നതുമാണ് കത്തില്‍ ശോഭാ വിഭാഗം പ്രധാനമായും പറയുന്നത്.

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും പറയുന്നു. സുരേന്ദ്രന്റ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി തുടരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സംസ്ഥാനതലത്തില്‍ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ തീര്‍ക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് സുരേന്ദ്രനെതിരെ കത്ത് നല്‍കിയിരുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മെച്ചപ്പെട്ടതാണെന്ന് ജെ.പി നദ്ദ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ കേന്ദ്രം പൂര്‍ണ്ണതൃപ്തരല്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Disputes in BJP Sobha  Surendran  and  Krishnadas  sent letter  against K  Surendran

We use cookies to give you the best possible experience. Learn more