ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ മമതയുടെ ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി നേതാവ് പ്രഗ്യ സിംഗ് ഠാക്കൂര്‍. അടുത്ത തെരഞ്ഞെടുപ്പോടെ ബംഗാള്‍ ഒരു ഹിന്ദുത്വ സംസ്ഥാനമാകുമെന്നും അവര്‍ അവകാശപ്പെട്ടു.
ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ വിവാദ പ്രസ്താവനയുമായി പ്രഗ്യ രംഗത്തെത്തിയത്.
‘അവരുടെ ഭരണം അവസാനിക്കുമെന്നറിഞ്ഞതിനാല്‍ അവര്‍(മമത ബാനര്‍ജി) നിരാശയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും, പശ്ചിമ ബംഗാളില്‍ ഹിന്ദു രാഷ്ട്രം ഉണ്ടാക്കും,” പ്രഗ്യ സിംഗ് ഠാക്കൂര്‍ പറഞ്ഞു.
നാഥുറാം ഗോഡ്‌സെയെ പ്രഗ്യ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
2008 സെപ്റ്റംബര്‍ 29 ന് മഹാരാഷ്ട്രയിലെ മലേഗാവ് പട്ടണത്തിന് സമീപം നടന്ന സ്‌ഫോടനത്തിലെ പ്രതിയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍.
ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ മമത സര്‍ക്കാരിനെതിരെ കേന്ദ്രവും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറും തിരിഞ്ഞിരുന്നു.
പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ജഗദീപ് ധങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മമത ബാനര്‍ജി തീ കൊണ്ട് കളിക്കാന്‍ നില്‍ക്കരുതെന്നും ധങ്കര്‍ വെല്ലുവിളി നടത്തിയിരുന്നു.
അതേസമയം, ബംഗാളിലെ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരികെ വിളിപ്പിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക