തെലുങ്കിലേക്ക് പോകാന്‍ ഫഹദുമായി ചര്‍ച്ച ചെയ്തിരുന്നോ? എന്റെ കാര്യം ഞാനാണ് തീരുമാനിക്കുന്നതെന്ന് നസ്രിയ
Film News
തെലുങ്കിലേക്ക് പോകാന്‍ ഫഹദുമായി ചര്‍ച്ച ചെയ്തിരുന്നോ? എന്റെ കാര്യം ഞാനാണ് തീരുമാനിക്കുന്നതെന്ന് നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th June 2022, 9:46 pm

നാനിയും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ആഹാ സുന്ദരായുടെ പ്രസ് മീറ്റില്‍ വാക്ക് തര്‍ക്കം. ഫഹദിനെ പറ്റിയുള്ള നസ്രിയയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നാലെ വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് പ്രസ് മീറ്റിനെത്തിയവര്‍ അഭ്യര്‍ത്ഥിച്ചു.

ഫഹദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത്, തെലുങ്കിലേക്ക് പോകുന്നതിന് പിന്നില്‍ ഫഹദിന്റെ തീരുമാനവുമുണ്ടായിരുന്നോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

തന്റെ കാര്യം തീരുമാനിക്കുന്നത് താന്‍ തന്നെയാണെന്നായിരുന്നു നസ്രിയയുടെ മറുപടി. ‘ഇല്ല, ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത്. ഒരുമിച്ച് ജീവിക്കുമ്പോള്‍ ഞങ്ങള്‍ ജോലിയെ പറ്റി ചര്‍ച്ച ചെയ്യാറുണ്ട്. രണ്ടുപേരും അഭിനേതാക്കളായതുകൊണ്ട് ഞങ്ങള്‍ക്ക് സിനിമയെ പറ്റി സംസാരിക്കാന്‍ കുറച്ച് കൂടി എളുപ്പമാണ്. അഭിപ്രായങ്ങള്‍ പരസ്പരം ചോദിക്കാറുണ്ട്. എന്നാല്‍ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് അന്തിമമായി എന്റെ തീരുമാനമാണ്. ഫഹദിന്റെ സിനിമ ഫഹദും, എന്റെ സിനിമ ഞാനുമാണ് തെരഞ്ഞെടുക്കുന്നത്,’ നസ്രിയ പറഞ്ഞു.

ഇതോടെ സിനിമയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നും പേഴ്‌സണല്‍ കാര്യങ്ങള്‍ ചോദിക്കരുതെന്നും ഇത് സിനിമയുടെ പ്രസ് മീറ്റാണെന്നും പേഴ്‌സണല്‍ പ്രസ് മീറ്റല്ലെന്നും നസ്രിയക്ക് ഒപ്പമെത്തിയ ആള്‍ പറഞ്ഞു. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ ചെറിയ തോതില്‍ തര്‍ക്കം തുടങ്ങുകയും നസ്രിയ ഇടപെട്ട് പരിഹരിക്കുകയുമായിരുന്നു. നാനിയും പ്രസ് മീറ്റിന് പങ്കെടുത്തിരുന്നു.

തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെത്തുന്ന ചിത്രത്തിന്റെ തെലുങ്ക് പേര് അണ്ടേ സുന്ദരാനികി എന്നാണ്. ജൂണ്‍ പത്തിനാണ് ആഹാ സുന്ദര റിലീസ് ചെയ്യുന്നത്.

യാഥാസ്ഥിതികമായ ഹിന്ദു കുടുംബത്തില്‍ നിന്നുള്ള യുവാവിന്റെയും ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള യുവതിയുടെയും പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ലീല, സുന്ദര്‍ എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്.

മൈത്രി മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം വിവേക് ആത്രേയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. നദിയ, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: dispute with media at Aha Sundara’s press meet Nani Nazriya