ധാക്ക: പണമിടപാടിലെ തര്‍ക്കങ്ങള്‍ കാരണം ഇന്ത്യന്‍ കമ്പനിയായ അദാനി പവറില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് പകുതിയായി കുറച്ച് അയല്‍രാജ്യമായ ബംഗ്ലാദേശ്.
ദശലക്ഷ കണക്കിന് ഡോളര്‍ കുടിശികയുണ്ടെന്ന കാരണത്താലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രാജ്യം വിദേശനാണ്യ ക്ഷാമം നേരിടുന്നതിനാല്‍ കുടിശിക നല്‍കാന്‍ സാധിച്ചില്ല. ഇതോടെയാണ് ബംഗ്ലാദേശിലേക്കുള്ള വിതരണം പകുതിയായി കുറച്ചത്.
‘അവര്‍ ഞങ്ങളുടെ വിതരണം വെട്ടിക്കുറച്ചപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടുകയാണുണ്ടായത്. നിലവില്‍ വിന്റര്‍ സീസണായതിനാല്‍ വൈദ്യുതിയുടെ ആവശ്യം ഇപ്പോള്‍ കുറവാണ്. അതിനാല്‍ പ്ലാന്റിന്റെ രണ്ട് യൂണിറ്റുകളും പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ട്.’ സര്‍ക്കാറിന്റെ കീഴിലുള്ള ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിന്റെ (ബി.പി.ഡി.ബി) ചെയര്‍പേഴ്സണ്‍ എം.ഡി റസൗള്‍ കരീം പറഞ്ഞു.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കീഴില്‍ 2017ലാണ് 25 വര്‍ഷത്തെ കരാറില്‍ അദാനിയും ബംഗ്ലാദേശും ഒപ്പുവക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലെ 2 ബില്യണ്‍ ഡോളറിന്റെ പവര്‍ പ്ലാന്റില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഒരു യൂണിറ്റ് അടച്ചുപൂട്ടി.
എന്നാല്‍ വൈദ്യുത ഉപയോഗം കുറഞ്ഞതോടെ നവംബര്‍ ഒന്ന് മുതലാണ് ഒരു യൂണിറ്റ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അദാനിയില്‍ നിന്ന് ബംഗ്ലാദേശ് പ്രതിമാസം 1,000 മെഗാവാട്ട് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നാണ് ബി.പി.ഡി.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുടിശിക വര്‍ദ്ധിക്കുന്നത് കമ്പനിക്ക് ആശങ്കയും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിശ്ചിതത്ത്വവും ഉണ്ടാക്കുന്നുണ്ടെങ്കിലും കമ്പനി ബംഗ്ലാദേശിലേക്കുള്ള വിതരണം നിര്‍ത്തിവെക്കില്ലെന്ന് അദാനി പവര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ ബംഗ്ലാദേശ് അദാനിക്ക് ഏകദേശം 650 മില്യണ്‍ ഡോളര്‍ നല്‍കാനുണ്ടെന്നും കഴിഞ്ഞ മാസം 85 മില്യണ്‍ ഡോളറും ഒക്ടോബറില്‍ 97 മില്യണ്‍ ഡോളറും നല്‍കിയതായും ബി.പി.ഡി.ബി എം.ഡിയായ കരീം പറഞ്ഞു.
Content Highlight: dispute over payment; Bangladesh has cut the electricity it buys from Adani by half