| Wednesday, 18th April 2012, 8:14 pm

അഴീക്കോടിന്റെ പുസ്തകങ്ങളുടെ റോയല്‍റ്റിയെച്ചൊല്ലി തര്‍ക്കം; സഹായി പി.എ സുരേഷ് കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ജീവിത കാലം മുഴുവന്‍ വിവാദങ്ങളുടെ തോഴനായിരുന്ന ഡോ.സുകമാര്‍ അഴീക്കോടിന്റെ മരണ ശേഷവും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റോയല്‍റ്റിയെച്ചൊല്ലിയുള്ള അവകാശ തര്‍ക്കം കോടതി കയറാനൊരുങ്ങുകയാണിപ്പോള്‍. അഴീക്കോട് മാഷിന്റെ സഹായിയായിരുന്ന പി.എ സുരേഷാണ് തനിക്ക് കൂടി അവകാശപ്പെട്ട റോയല്‍റ്റി അഴീക്കോടിന്റെ ബന്ധുക്കള്‍ വിട്ടുനല്‍കാത്തതിനെതിരെ കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് സുകുമാര്‍ അഴീക്കോട് തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് വില്‍പത്രം തയ്യാറാക്കിയത്. തന്റെ കൈവശത്തിലുള്ളതും, മേലില്‍ സമ്പാദിക്കുന്നതുമായ എല്ലാവിധ  സ്വത്തുക്കളും സഹോദരഭാര്യ സുമാലിനി ദേവദാസ്, സഹോദരപുതരന്മാരായ എം.ടി മനോജ്, എം.ടി രാജേഷ് , ആശ്രിതനായ പി.എ സുരേഷ് എന്നിവര്‍ക്ക് അവകാശപ്പെടുത്തിയാണ് വില്‍പത്രം തയ്യാറാക്കിയത്. കോഴിക്കോട് മുന്‍മേയറും അഴീക്കോട് മാഷിന്റെ ശിഷ്യനുമായ അഡ്വ. എ. ശങ്കരനെയാണ് വില്‍പത്രം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്.

കരുവിമംഗലത്തെ സെന്റ് ഒന്നിന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 22 സെന്റ് ഭൂമി, 50 ലക്ഷം രൂപ വിലമതിക്കുന്ന 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്, ഏഴു ലക്ഷത്തിന്റെ കാര്‍, പതിനഞ്ച് ലക്ഷം രൂപയുടെ സമ്പാദ്യം എന്നിവയാണ് അഴീക്കോട് മാഷുടെ പേരിലുള്ളത്. ഇതിനോടൊപ്പം തന്നെ മാഷിന്റെ രചനയിലുള്ള 40 പുസ്തകങ്ങളുടെ പതിനഞ്ച് ശതമാനം റോയല്‍റ്റിയും ഉള്‍പ്പെടുന്നു. ഇതില്‍ പുസ്തകങ്ങളുടെ റോയല്‍റ്റി സുരേഷിന് നല്‍കില്ലെന്ന ബന്ധുക്കളുടെ നിലപാടാണ് പ്രശ്‌നമായിരിക്കുന്നത്.

തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. എന്നാല്‍ അഴീക്കോടിനെ സ്വന്തം അച്ഛനായാണ് താനും തന്നെ മകനായാണ് മാഷും കണ്ടിരുന്നതെന്ന് പി എ സുരേഷ് പറഞ്ഞു. പുസ്തകങ്ങളുടെ റോയല്‍റ്റി തനിക്ക് അവകാശപ്പെട്ടതുകൊണ്ടാണ് അദ്ദേഹം എഴുതി വെച്ചത്. അത് ഒരു രൂപയാണെങ്കിലും തനിക്ക് വേണം. അതിന് വേണ്ടി കോടതിയെ സമീപിക്കും- സുരേഷ് വ്യക്തമാക്കി.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more