|

ഗുരുവിന്റെ നാട്ടില്‍ നിന്നുവരുന്ന ബി.ജെ.പിക്കാരനെങ്കിലും വര്‍ഗീയത പറയാതിരിക്കണമെന്ന് സി.പി.ഐ.എം അംഗം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തര്‍ക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെയുണ്ടായ വര്‍ഗീയ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും തര്‍ക്കവുമായി ബി.ജെ.പി അംഗങ്ങള്‍. ശ്രീനാരായണ ഗുരുവിന്റെ നാടായ ചെമ്പഴന്തിയില്‍ നിന്ന് വരുന്ന ബി.ജെ.പി അംഗം ആദ്യദിനം നടത്തിയ വര്‍ഗീയ പരാമര്‍ശം ഗുരുവിന്റെ മഹത്‌വചനങ്ങളോടുള്ള അവഗണനയാണെന്ന കളിപ്പാന്‍കുളം കൗണ്‍സിലര്‍ ഡി. രാജുവിന്റെ പരാമര്‍ശമാണ് ബി.ജെ.പി അംഗങ്ങളെ പ്രകോപിപ്പിച്ചത്.

ബജറ്റ് ചര്‍ച്ചയുടെ ആദ്യദിനത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതില്‍ ബി.ജെ.പി അംഗമായ ചെമ്പഴന്തി ഉദയന്‍ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ രണ്ടാംദിനത്തില്‍ ശ്രീനാരായണഗുരു സൂക്തങ്ങളിലും ബി.ജെ.പി അംഗങ്ങള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുവിന്റെ നാട്ടുകാരനായ ബി.ജെ.പി അംഗം വര്‍ഗീയ പരാമര്‍ശം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ഈ കാലത്തെ ബി.ജെ.പി നേതാക്കള്‍ക്കെങ്കിലും നല്ലബുദ്ധി ഉദിക്കട്ടെ എന്ന സി.പി.ഐ.എം കൗണ്‍സിലര്‍ സജുലാലിന്റെ പരാമര്‍ശമാണ് ബി.ജെ.പി നേതാക്കളെ അസ്വസ്ഥരാക്കിയത്.

 ഇടത് അംഗത്തിന്റെ പരാമര്‍ശത്തിന് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്നായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന കാരണത്താല്‍ വര്‍ഗീയത പറയാന്‍ അവകാശമില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രതികരിച്ചു.

ബജറ്റിന്റെ ആദ്യ ദിനത്തിലെ ബി.ജെ.പി അംഗം ചെമ്പഴന്തി ഉദയന്റെ പരാമര്‍ശം വിവാദമായെങ്കിലും വീഡിയോ സഹിതം തെളിവ് പുറത്ത് വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായത്. രണ്ടാംദിന ചര്‍ച്ചയ്ക്ക് ഇദ്ദേഹം ഏറ്റവും ഒടുവിലാണ് എത്തിയത്.

അക്കാദമിക് ഇന്ററസ്റ്റിനാണ് താന്‍ കൗണ്‍സിലറയെന്ന് പറഞ്ഞ ബി.ജെ.പി അംഗം വി.വി രാജേഷും വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്തില്ല. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ വിജയിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണവും നേരിടുന്ന ആളാണ് രാജേഷ്.

Content Highlight: Dispute in Thiruvananthapuram Corporation; CPI(M) member asks BJP members from Guru’s homeland to refrain from using communal language