പാലക്കാട്: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പാലക്കാട് ബി.ജെ.പിയില്‍ നിന്ന് ശോഭ അനുകൂലികള്‍ രാജിവെച്ചു.
ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒ.ബി.സി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍. വിഷ്ണു എന്നിവരാണ് ബി.ജെ.പിയില്‍ നിന്ന് പുറത്തുപോയത്.
ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് പാര്‍ട്ടിവിട്ട എല്‍. പ്രകാശിനി പറഞ്ഞു. പ്രാദേശിക തലത്തില്‍ വരെ ബി.ജെ.പി നേതാക്കള്‍ വലിയ രീതിയില്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടക്കാരില്‍ നിന്ന് പണം വാങ്ങി ജനകീയ സമരത്തില്‍ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും രാജിവെച്ചവര്‍ ആരോപിച്ചു.
ബി.ജെ.പിയിലെ ഭിന്നതകളില്‍ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുന:സംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രകടിപ്പിച്ചത്.
പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്നും അവര്‍ വ്യക്തമാക്കി.
തനിക്ക് അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. അതേസമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ട് നിന്നത്. ഇതിന് പിന്നാലെ എ.പി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയായി.
ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ഇതിന് പിന്നാലെ പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.
മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പോലും ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഇല്ലാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.
ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Dispute in Kerala BJP, Shobha Surendran supporters resign from BJP in Palakkad