| Tuesday, 19th January 2021, 1:36 pm

കല്‍പ്പറ്റയുടെ പേരില്‍ കോണ്‍ഗ്രസ് ലീഗ് തര്‍ക്കം മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: 2021 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കല്‍പ്പറ്റയില്‍ മത്സരിപ്പിക്കുന്നതിനായുള്ള കോണ്‍ഗ്രസ് നീക്കം യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നു. നേരത്തെ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായിരുന്ന എല്‍.ജെ.ഡി മത്സരിച്ചിരുന്ന സീറ്റായിരുന്നു കല്‍പ്പറ്റ.

നിലവില്‍ എല്‍.ജെ.ഡി മുന്നണി മാറി എല്‍.ഡി.എഫിലെത്തിയതിനാല്‍ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിരുന്നു. പകരം ലീഗ് മത്സരിക്കുന്ന സമീപ മണ്ഡലമായ തിരുവമ്പാടി കോണ്‍ഗ്രസിന് നല്‍കാമെന്നും ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ വിജയം കണ്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന രീതിയിലാണ് നിലവില്‍ പ്രഖ്യാപനങ്ങള്‍ വരുന്നത്. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതിനായി ആദ്യം പരിഗണിക്കുന്ന മണ്ഡലം കല്‍പ്പറ്റയാണെന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു. അതേ സമയം കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പുമായി മുസ്‌ലിം ലീഗ് രംഗത്ത് വന്നിരിക്കുകയാണ്.

മുല്ലപ്പള്ളിക്ക് കല്‍പ്പറ്റയില്‍ വിജയസാധ്യതയില്ലെന്നും വയനാട്ടില്‍ നിന്നുള്ള ലീഗ് നേതാക്കള്‍ മത്സരിച്ചാല്‍ മാത്രമേ നിലവില്‍ എല്‍.ഡി.എഫിന്റെ കയ്യിലുള്ള മണ്ഡലം തിരിച്ചുപിടിക്കാനാവൂ എന്നുമാണ് ലീഗ് പറയുന്നത്. മുസ്‌ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹിയ ഖാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും ഈ പ്രസ്താവന നടത്തിക്കഴിഞ്ഞു.

നിലവില്‍ എല്‍.ഡി.എഫിന്റെ കയ്യിലാണ് കല്‍പ്പറ്റ മണ്ഡലം. 2016 ല്‍ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി മത്സരിച്ച എല്‍.ജെ.ഡി നേതാവ് എം.വി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തി സി.പി.ഐ.എമ്മിന്റെ സി.കെ ശശീന്ദ്രന്‍ വിജയിക്കുകയായിരുന്നു. 2006 ല്‍ എല്‍.ഡി.എഫ് മുന്നണിയുടെയും 2011ല്‍ യു.ഡി.എഫ് മുന്നണിയുടെയും ഭാഗമായി മത്സരിച്ച എം.വി ശ്രേയാംസ് കുമാറായിരുന്നു നേരത്തെ പത്ത് വര്‍ഷത്തോളം കല്‍പ്പറ്റയില്‍ എം.എല്‍.എ ആയിരുന്നത്.

1991, 1996, 2001 എന്നീ മൂന്ന് തെരഞ്ഞെടുപ്പുകളിലും മത്സരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മൂന്ന് തവണയും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് മുസ്‌ലിം ലീഗ് മത്സരിച്ചിട്ടുള്ളത്. 1987 ല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ച സി. മമ്മൂട്ടിയെ അന്ന് ജനതാ പാര്‍ട്ടിയുടെ ഭാഗമായി ഇടത് മുന്നണിയില്‍ മത്സരിച്ച എം.പി വീരേന്ദ്രകുമാര്‍ പരാജയപ്പെടുത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dispute between Leauge and Congress over Kalpetta

We use cookies to give you the best possible experience. Learn more