| Saturday, 13th November 2021, 9:53 am

വിവാഹവേദിയില്‍ വിളക്ക് കത്തിക്കരുത്, ഷൂസ് ഊരില്ലെന്നും വരന്‍; തര്‍ക്കത്തിന് പിന്നാലെ കെട്ടിയ താലി ഊരി നല്‍കി പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കടയ്ക്കല്‍: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരനു തിരിച്ചു നല്‍കി പെണ്‍കുട്ടി. പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് താലികെട്ടി. കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.

ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കുന്നതിനിടെയായിരുന്നു സംഭവം.

മണ്ഡപത്തിലേക്ക് കയറിയ യുവാവ് വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും പറയുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ തമ്മില്‍ ചെറിയ വാക്തര്‍ക്കം ഉണ്ടായി.

ഇതിന് പിന്നാലെ വേദിക്ക് പുറത്ത് വെച്ച് വിവാഹം നടത്താന്‍ ധാരണയായി. വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വേദിക്ക് പുറത്ത് വെച്ച് വിവാഹം നടത്തിയത്.

എന്നാല്‍ താലി കെട്ടിയ ശേഷവും വീണ്ടും പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി തര്‍ക്കമായി. പിന്നാലെ തര്‍ക്കം ഇരുവീട്ടുകാരും തമ്മിലാവുകയും ബന്ധുക്കളുടെ നിര്‍ദേശ പ്രകാരം യുവാവ് കെട്ടിയ താലി പെണ്‍കുട്ടി തിരിച്ചു നല്‍കുകയും ചെയ്തു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതേ വേദിയില്‍ വെച്ച് തന്നെ ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ പിന്നീട് വിവാഹം ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more