സെപ്റ്റിക് ടാങ്ക് മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കേരള മാതൃകയും പൊതുജനാരോഗ്യവും
Environment
സെപ്റ്റിക് ടാങ്ക് മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കേരള മാതൃകയും പൊതുജനാരോഗ്യവും
നയീമ രഹ്ന
Monday, 18th December 2017, 7:31 pm

നഗരവല്‍ക്കരണം അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് നഗരങ്ങളിലെ സെപ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം. ഫ്‌ളാറ്റുകളുടെയും ഹോട്ടലുകളുടെയും ആശുപത്രികളുടെയും എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവ പുറന്തള്ളുന്ന കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കാനോ നിക്ഷേപിക്കാനോ ഇടങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് കേരളം.

സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളിലെയും ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, മറ്റു വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ജനവാസ കേന്ദ്രളിലും പൊതു സ്ഥലങ്ങളിലും തള്ളുകയോ ഓടകളിലേക്കും കനാലുകളിലേക്കുമൊക്കെ ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്.

ഫ്‌ളാറ്റുകളില്‍ നൂറോളം കുടുംബങ്ങള്‍ ഒരു കെട്ടിടത്തില്‍ താമസിക്കുമ്പോള്‍ ഇത്രയും പേരുടെ സെപ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള മതിതായ സംവിധാനം ഭൂരിഭാഗം കെട്ടിടങ്ങള്‍ക്കും ഇല്ല. ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രികളുടെ സ്ഥിതിയും ഇതുതന്നെ. ഇതോടെ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനുള്ള ഏതെങ്കിലും സ്വകാര്യ ഏജന്‍സികളെ സമീപിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

എന്നാല്‍ നഗരങ്ങളില്‍ നിന്നും ഇത്തരം ഏജന്‍സികള്‍ ടാങ്കര്‍ ലോറികളില്‍ ശേഖരിച്ചു കൊണ്ട് പോകുന്ന സെപ്റ്റിക് മാലിന്യം എവിടെയൊക്കെ എങ്ങനെയൊക്കെ സംസ്‌കരിക്കപ്പെടുന്നുവെന്ന് പലര്‍ക്കും അറിയേണ്ടതില്ല. ടാങ്കര്‍ ലോറികളിലൂടെ നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ ജനവാസ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും രഹസ്യമായി തള്ളുകയാണ് ഭൂരിഭാഗം സ്വകാര്യ ഏജന്‍സികളും.

കക്കൂസ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്ല എന്നതിന്റെ തെളിവുകളാണ് ഇത്തരത്തില്‍ പൊതു സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്ന സംഭവങ്ങള്‍. മാലിന്യം വിതറുന്ന ലോറികളെയും വണ്ടികളെയും നാട്ടുകാര്‍ പലപ്പോഴും ഉറക്കമിളച്ച് പിടിക്കുകയാണ് ചെയ്യുന്നത്.

പല കേസുകളിലും പോലീസ് പിടിയിലാകുന്ന പ്രതികള്‍ ഒറ്റദിവസം കൊണ്ട് പുറത്തിറങ്ങി വീണ്ടും മാലിന്യം വിതറാന്‍ തുടങ്ങും. അത്രമാത്രം ഉയര്‍ന്ന ഫീസാണ് കക്കൂസ് മാലിന്യശുചീകണ കമ്പനികള്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നത്. മാലിന്യം കെട്ടിക്കിടന്നാല്‍ എത്ര തുക മുടക്കിയും ഒഴിവാക്കേണ്ടത് കമ്പനിയുടെയും ആവശ്യമാണ്.

ഇതര സംസ്ഥാനങ്ങളിലെ പോലെ ജനവാസ കേന്ദ്രങ്ങളല്ലാത്ത ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടു പോയി കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നത് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് പ്രായോഗികമല്ല. ഒരു പട്ടണം കഴിഞ്ഞാല്‍ വിശാലവും വിജനവുമായ സ്ഥലങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ സാധാരണമാണ്. അതിനാല്‍ അവിടങ്ങളില്‍ മാലിന്യ സംസ്‌കരണം ജനജീവിതത്തിന് പൊതുവെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. എന്നാല്‍ കേരളത്തെ സംബന്ധിച്ച് ഈയൊരു നടപടി പ്രായോഗികമല്ല. ഈ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരും തന്നെ ഗൗനിക്കുന്നില്ല. കേരളത്തിന്റെ പൊതു ജനാരോഗ്യത്തിനും കുടിവെള്ള സ്രോതസ്സിനും ഇതുണ്ടാക്കുന്ന ആഘാതത്തിന്റെ വ്യാപ്തി വളരെ വലുതാണ്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നഗര പരിധിയില്‍ തന്നെയുള്ള മൊകവൂരില്‍ പൊതുസ്ഥലത്ത് കക്കൂസ് മലിന്യം തള്ളിയ വാര്‍ത്ത പുറത്തു വന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രദേശത്തു നിന്നും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് മാലിന്യം തള്ളിയിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും ആരോഗ്യ വകുപ്പിലും വിവരമറിയിക്കുകയായിരുന്നു. ചാമുണ്ഡി വളപ്പ്, സൗത്ത് ബീച്ച്, കനോലി കനാല്‍ എന്നിവിടങ്ങളിലാണ് നഗരത്തിലെ കക്കൂസ് മാലിന്യങ്ങള്‍ പ്രധാനമായും നിക്ഷേപിക്കുന്നത്.

മതിയായ അഴുക്കു ചാല്‍ സംവിധാനമില്ലാത്തത് കൊണ്ടുതന്നെ ഒരൊറ്റ മഴമതി കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങാന്‍. ഈ സമയം മുതലെടുത്ത് നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ളവ റോഡില്‍ തള്ളുന്നതും കോഴിക്കോട് നഗരത്തില്‍ പതിവു കാഴ്ചയാണ്.

മുന്‍ വര്‍ഷങ്ങളിലെല്ലാം തന്നെ കക്കൂസ് മാലിന്യങ്ങളടക്കമുള്ള നഗരത്തിലെ റോഡുകളിലൂടെ മുട്ടോളം വെള്ളത്തില്‍ യാത്രക്കാരടക്കം നീന്തുകയാണുണ്ടായത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഇതില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ പറഞ്ഞു.

ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ (എസ്.ടി.പി) സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജൂലായില്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മാത്രം കക്കൂസ് മാലിന്യം നിക്ഷേപിച്ച അഞ്ചു വാഹനങ്ങളാണ് കോര്‍പറേഷന്‍ കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കിയത്.

Image result for septic tank wastes

 

ഒരു വര്‍ഷത്തിനിടെ കോര്‍പ്പറേഷന്‍ നിരവധി വണ്ടികള്‍ പിടിച്ചെടുത്തിട്ടുണ്ടുണ്ടന്നും 50000 വും ഒരു ലക്ഷം വരെ പിഴയിട്ടിട്ടുമുണ്ടെന്നും ഇതു തടയാന്‍ കോര്‍പറേഷനില്‍ നിലവില്‍ സംവിധാനം ഇല്ലെന്നും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു. ക്യാമറകളില്‍ പതിയുന്ന വണ്ടികളുടെ നമ്പര്‍ പരിശോധിച്ചാണ് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത്. പലപ്പോഴും നാട്ടുകാരും സഹായത്തിനെത്തുന്നു. പക്ഷേ മാലിന്യങ്ങള്‍ പുറന്തള്ളുന്നത് രാത്രി സമയങ്ങളിലായതിനാല്‍ പലപ്പോഴും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ മാത്രമല്ല കൊച്ചിയും തിരുവനന്തപുരവുമടക്കം സംസ്ഥാനത്തെ മുഴുവന്‍ നഗര കോര്‍പറേഷന്‍ പരിധികളിലും ഇത് തന്നെയാണ് അവസ്ഥ. കൊച്ചിയിലെ ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും ആശുപത്രികളിലും ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലരുന്നുണ്ടെന്ന് ആരോഗ്യവിഭാഗം തന്നെ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. ടാങ്കര്‍ ലോറികളില്‍ നടത്തിയ പരിശോധനയിലാണ് കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടത്തിയത്.

മാലിന്യം നിക്ഷേപിക്കാന്‍ ശരിയായ സ്ഥലമോ സംസ്‌കരിക്കാന്‍ സംവിധാനമോ ഇല്ലാത്തതിനാല്‍ മാലിന്യം ശേഖരിക്കുന്ന ടാങ്കറുകള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തട്ടി പോകുന്നത് കൊച്ചി നഗരത്തിലും പതിവാണ്. കായല്‍ത്തീരത്തുള്ള ഫ്‌ളാറ്റുകളും വില്ലകളും വീടുകളും കക്കൂസ് മാലിന്യം നേരേ കായലിലേക്ക് ഒഴുക്കുകയാണു പതിവ്. ഇങ്ങനെ മാലിന്യം നിക്ഷേപിക്കപ്പെടുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണു കളമശേരി. കുടിവെള്ള ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നും ഇവിടം തന്നെ.

 

Image result for സെപ്റ്റിക് ടാങ്ക് മാലിന്യം

 

കൊച്ചി നഗരത്തിന്റെ രണ്ടര ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പൈപ്പുകള്‍ ഉള്ളൂ. കോര്‍പറേഷന്‍ മേഖലയുടെ വെറും അഞ്ചു ശതമാനം മാത്രമേ ഇതുള്ളൂ. കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതാണു കൊച്ചിയിലെ ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം. നൂറുകണക്കിനു ഫ്‌ളാറ്റുകളിലെയും ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരത്തില്‍ സംവിധാനമില്ല. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ മലിനീകരണത്തിന്റെ തോത് വളരെയധികം വര്‍ധിക്കുന്നു.

ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ബ്രഹ്മപുരത്ത് കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച പ്‌ളാന്റ് നിര്‍മ്മിച്ചുവെങ്കിലും അത് വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല. വന്‍കിട ഹോട്ടലുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും കെട്ടിടസമുച്ചയങ്ങളും നിര്‍മ്മിച്ചിട്ടുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഈ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നിര്‍മിച്ചിട്ടുള്ളതും.

പ്രതിദിനം ഇരുന്നൂറില്‍ അധികം ടാങ്കര്‍ ലോഡ് കക്കൂസ് മാലിന്യമാണ് എറണാകുളം ജില്ലയില്‍ തള്ളുന്നത്. ഇത് എവിടെയാണ് ഉപേക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ വിവരമില്ല. ഒരു ടാങ്കര്‍ കക്കൂസ് മാലിന്യം എന്ന് പറഞ്ഞാല്‍ 5000 പേര്‍ ഒരുമിച്ചിരുന്ന് മല വിസര്‍ജ്ജനം നടത്തുന്നതിന് തുല്യമാണെന്നാണ് കേരള സസ്റ്റെയ്നബിള്‍ അര്‍ബന്‍ ഡവലപ്മെന്റ് പ്രോജക്ട് വിലയിരുത്തുന്നത്.

എറണാകുളം ജില്ല മൊത്തമായെടുക്കുമ്പോള്‍ എല്ലാ ദിവസവും ഏകദേശം പത്തു ലക്ഷം പേര്‍ ഒരുമിച്ച് പൊതു സ്ഥലത്തിരുന്ന് മലവിസര്‍ജ്ജനം ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥ സംഭവിക്കുന്നുണ്ടെന്നര്‍ത്ഥം. ജില്ലയില്‍ ഏതാണ്ട് 75 സെപ്റ്റിക് ടാങ്ക് ക്ലീനിങ് സംഘങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആയിരം രൂപമുതലാണ് സെപ്റ്റിക്ക് ടാങ്കുള്‍ വൃത്തിയാക്കാന്‍ ഇവര്‍ ഈടാക്കുന്നത്. ഈ മാലിന്യം ജില്ലയിലെ വിവിധ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

Image result for kanoli kanal

 

കൊച്ചി നഗരം സമുദ്രനിരപ്പില്‍നിന്നു താഴെ നില്‍ക്കുന്ന പ്രദേശമായതിനാല്‍ സെപ്റ്റിക് ടാങ്കുകള്‍ പെട്ടെന്നു നിറയും. പശ്ചിമകൊച്ചിയിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമായിട്ടുള്ളത്. കിണറോ കുഴല്‍ക്കിണറോ കുഴിക്കാന്‍ ശ്രമിച്ചാല്‍ മലിനജലമാകും കാണപ്പെടുക എന്നതും പൊതുജനത്തെ കൂടുതല്‍ ആശങ്കയിലാക്കുന്നു.

ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പകര്‍ച്ചപ്പനി ബാധിച്ച ജില്ലകളിലൊന്നാണ് തലസ്ഥാനനഗരികൂടിയായ തിരുവനന്തപുരം. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. നഗര വാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാമും ജില്ലയിലെ ഒരു പ്രധാന കക്കൂസ് മാലിന്യ നിക്ഷേപ കേന്ദ്രമാണ്.

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നു- ആരോഗ്യവും കുടിവെള്ള പ്രശ്‌നങ്ങളും

പൊതുസ്ഥലങ്ങളിലെ സെപ്റ്റിക് മാലിന്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പൊതുജനാരോഗ്യത്തെയും കുടിവെള്ള സ്രോതസ്സുകളെയുമാണ്. റോഡുവക്കിലും കനാലുകളിലും ഓടകളിലും പൊതു സ്ഥലങ്ങളിലുമെല്ലാം മാലിന്യം നിക്ഷേപിക്കുമ്പോള്‍ ഒഴുക്ക് തടഞ്ഞ്, വെള്ളം കെട്ടിക്കിടന്ന് അവിടെ കൊതുകുകള്‍ വളരുമെന്നും രോഗങ്ങള്‍ വ്യാപിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ട പല രോഗങ്ങളും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലേറിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കൊന്നും തന്നെ നമ്മള്‍ മറ്റൊരു ഉറവിടം അന്വേഷിക്കേണ്ടതില്ല. സെപ്റ്റിക് മാലിന്യം ജലസ്രോതസ്സുകളില്‍ കലരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് കോഴിക്കോട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.ചന്ദ്രന്‍ പറഞ്ഞു.

ഈ മാലിന്യം കുടിവെള്ളത്തില്‍ കലരുന്നതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളാണ് ഇല്ലാതാകുന്നത്. ഒരുകാലത്ത് കോഴിക്കോട്ടെ പ്രധാന ജലപാതയായിരുന്ന കനോലി കനാല്‍ ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ജലത്തിന്റെ നിറം പോലും മാറി. അതിലേക്കിറങ്ങിയാല്‍ ചൊറിച്ചിലും ത്വക്ക് രോഗങ്ങളും പടരുമെന്ന അവസ്ഥയാണ്.

കോഴിക്കോട് നഗരത്തിലെ 70 കേന്ദ്രങ്ങളില്‍ നിന്നും സെപ്റ്റിക് മാലിന്യം അടക്കമുള്ള കൂറ്റന്‍ മാലിന്യ പൈപ്പുകളാണ് കനോലി കനാലിലേക്ക് മാത്രം ബന്ധിപ്പിച്ചിരിക്കുന്നത്. ബേബി മെമ്മോറിയല്‍ ആശുപത്രി അടക്കമുള്ള വന്‍കിട കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

തൊടുപുഴയില്‍ കോലാനി പാറക്കടവ് ജംഗ്ഷനില്‍ ജനവാസ മേഖലയില്‍ കുടിവെള്ള ടാങ്കിന് സമീപം കക്കൂസ് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് മുന്നൂറില്‍പ്പരം ആളുകളുടെ കുടിവെള്ളമാണ് നിലച്ചത്. തോട് ഒഴുകുന്ന പല സ്ഥലങ്ങളിലും കുളിക്കടവുകളുണ്ട്. തോടുകളിലെ മീനുകള്‍ ചത്ത് പൊന്തുകയുണ്ടായി. കൊന്നക്കാമല ഹരിജന്‍ കോളനി, ലക്ഷംവീട് കോളനി, ഹൗസിങ് കോളനി എന്നീ മൂന്നു കോളനികളും തോടിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

കൊട്ടാരക്കര കെ.ഐ.പി. കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നത് കനാല്‍ജലം ഉപയോഗിക്കുന്നവര്‍ക്ക് ഗുരതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. എഴുകോണ്‍, ഇടയ്ക്കിടം, കടയേ്ക്കാട്, കനാല്‍ഭാഗങ്ങളിലാണ് കനാല്‍ ജലത്തില്‍ മനുഷ്യവിസര്‍ജ്യം ഒഴുക്കുന്നത്. നഗരത്തില്‍ നിന്നും രാത്രിയില്‍ ടാങ്കറിലെത്തിക്കുന്ന മാലിന്യങ്ങള്‍ കനാലില്‍ തള്ളുകയാണ്. വലിയ ജലക്ഷാമമായതിനാല്‍ കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലുള്ളവര്‍ കുളിക്കാനും നനയ്ക്കാനും മറ്റാവശ്യങ്ങള്‍ക്കും വരെ മനുഷ്യവിസര്‍ജ്ജ്യം കലര്‍ന്ന ഈ കനാല്‍ ജലമാണ് ഉപയോഗിക്കുന്നത്.

Image result for സെപ്റ്റിക് ടാങ്ക് മാലിന്യം

 

തിരുവനന്തപുരം പൂപ്പാറ ടൗണിലെ കടകളില്‍ നിന്ന് അടക്കമുള്ള മാലിന്യങ്ങള്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത് ആയിരങ്ങള്‍ക്ക് ആശ്രയമായ പന്നിയാര്‍ പുഴയിലേക്ക്. പുഴയോരം കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന ഹോട്ടലുകളില്‍ നിന്നുള്ള മലിനജലവും കക്കൂസ് മാലിന്യങ്ങളും പൈപ്പുകള്‍ വഴി ഒഴുക്കി വിടുന്നത് ഈ പുഴയിലേക്കാണ്. പൊന്‍മുടി ജലാശയത്തിലേക്ക് ഒഴുകിയെത്തുന്ന പന്നിയാര്‍ പുഴ ആയിരക്കണക്കിന് വരുന്ന പ്രദേശ വാസികളുടെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ്.

പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതാര്?

നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ കക്കൂസ് മാലിന്യത്തിനടക്കമുള്ള മാലിന്യസംസ്‌കരണ പ്ളാന്റുകള്‍ ഇല്ലാത്തത് നാണക്കേടാണെന്ന സുപ്രീം കോടതിയുടെ വിമര്‍ശനം വന്ന് പതിനഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് പുറത്തു വരുന്ന ഇത്തരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വലിയ ചെലവു വരുന്ന അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള പ്രൊജെക്ടുകള്‍ക്കായി മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒരുപാട് പദ്ധതികള്‍ കൊണ്ടു വന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായില്ല എന്നതാണ് യാഥാര്‍ഥ്യം.

കക്കൂസ് മാലിന്യങ്ങളുടെ ശുചീകരണത്തിനും സംസ്‌കരണത്തിനുമായി നിലവിലെ സര്‍ക്കാര്‍ ബജറ്റില്‍ 160 കോടി വകയിരുത്തിയിട്ടുണ്ട്. മാത്രമല്ല കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഓരോ ജില്ലയിലും ഒരോ സെപ്‌റ്റേജ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും പദ്ധതികളൊന്നും തന്നെ നിലവില്‍ വന്നിട്ടില്ല.

മാലിന്യ സംസ്‌കരണത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ കാണിക്കുന്ന അലംഭാവമാണ് മറ്റൊരു പ്രധാന കാരണം. ആരെങ്കിലും പരാതി കൊടുത്താല്‍ അന്വേഷിക്കുക എന്നതിലുപരി ഇത്തരത്തിലുള്ള ഹീന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല.

ടൗണ്‍ പ്ലാനിങ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ മറികടന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനുള്ള പ്രധാനപ്പെട്ട മറ്റൊരു കാരണം. നഗരത്തിലെ മിക്ക കെട്ടിടങ്ങളും മാലിന്യ നിര്‍മാര്‍ജ്ജനത്തിനായുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ നഗരസഭയുടെ ഭാഗത്തുനിന്നും വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.