|

ട്രെയിനുകളിൽ മെനുവും ഭക്ഷണ വില പട്ടികയും പ്രദർശിപ്പിക്കണം: റെയിൽവേ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണ സാധനങ്ങളുടെ മെനുവും വിലവിവര പട്ടികയും നിർബന്ധമായും പ്രദര്ശിപ്പിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

മെനു കാർഡ്, ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക, ട്രെയിനുകളിലെ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നുള്ള ചോദ്യത്തിന് ലോക്‌സഭയിൽ മറുപടി നൽകുകയായിരുന്നു അശ്വിനി വൈഷ്ണവ്.

‘എല്ലാ ഭക്ഷണ സാധനങ്ങളുടെയും മെനുവും നിരക്കുകളും യാത്രക്കാരുടെ വിവരങ്ങൾക്കായി ഐ.ആർ.സി.ടി.സിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. എല്ലാ വിശദാംശങ്ങളും അടങ്ങിയ പ്രിന്റ് ചെയ്ത മെനു കാർഡുകൾ വെയിറ്റർമാരുടെ പക്കൽ ലഭ്യമാക്കുകയും യാത്രക്കാർ ആവശ്യപ്പെടുമ്പോൾ അവർക്ക് നൽകുകയും ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

നിയുക്ത ബേസ് കിച്ചണുകളിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുക, തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആധുനിക ബേസ് കിച്ചണുകൾ സ്ഥാപിക്കുക, ഭക്ഷണം തയ്യാറാക്കുന്നതിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി കിച്ചണുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക എന്നിവയാണ് സ്വീകരിച്ച പ്രധാന നടപടികളിൽ ചിലതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യോത്പാദനത്തിനായി ഉപയോഗിക്കുന്ന പാചക എണ്ണ, ആട്ട, അരി, പയർവർഗ്ഗങ്ങൾ, മസാല ഇനങ്ങൾ, പനീർ, പാലുത്പ്പന്നങ്ങൾ തുടങ്ങിയവ ഏറ്റവും ജനപ്രിയമായ ബ്രാൻഡുകൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷ്യ സുരക്ഷയും ശുചിത്വ രീതികളും നിരീക്ഷിക്കുന്നതിനായി ബേസ് കിച്ചണുകളിൽ ഭക്ഷ്യ സുരക്ഷാ സൂപ്പർവൈസർമാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബേസ് കിച്ചണുകൾ ദിവസവും വൃത്തിയാക്കുന്നുണ്ടോ എന്നും കീട നിയന്ത്രണം നടത്തുന്നുണ്ടോ എന്നും നിരീക്ഷിക്കാൻ ഓരോ കാറ്ററിങ് യൂണിറ്റിലെയും നിയുക്ത ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ട്രെയിനുകളിൽ നല്ല ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള പരിശോധനയുടെയും നിരീക്ഷണ സംവിധാനത്തിന്റെയും ഭാഗമായി പതിവായി ഭക്ഷണ സാമ്പിൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണ നിലവാരവും ശുചിത്വവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതികൾ 2022 മാർച്ച് അവസാനം 1,192 ആയിരുന്നതിൽ നിന്ന്  2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെ 6,948 ആയി വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് 500 ശതമാനം വർധനവാണ്. സി.എൻ.ബി.സി -ടി.വി 18 സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ,മറുപടിയായാണീ വിവരങ്ങൾ ലഭിച്ചത്. ഇത് പ്രകാരം വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ, മെയിൽ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിൻ സർവീസുകളിലെ യാത്രക്കാരിൽ നിന്നുൾപ്പെടെ ഇത്തരം പരാതികൾ വന്നിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ കാറ്ററിങ് & ടൂറിസം കോർപ്പറേഷൻ (IRCTC) നൽകിയ മറുപടിയിൽ, 2021 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിൽ കാറ്ററിങ് സംബന്ധിച്ച ആകെ പരാതികളുടെ എണ്ണം 11,850 ആണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

Content Highlight: Display of menu, food rate list on trains mandatory: Railway Minister

Latest Stories