കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ അവയവങ്ങള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്.
ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ കുട്ടികളെ വില്‍ക്കുന്നുണ്ടെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ അവയവങ്ങള്‍ വില്‍ക്കുന്നതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
അഫ്ഗാനിലെ ബാല്‍ക് പ്രവിശ്യയിലെ ക്യാമ്പുകളില്‍ താമസിക്കുന്നവരാണ് പണത്തിന് കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനൊപ്പം തങ്ങളുടെ അവയവങ്ങളും വില്‍ക്കുന്നത്. വൃക്കകളാണ് ഇത്തരത്തില്‍ ആളുകള്‍ വില്‍ക്കുന്നത്.
ഇത്തരത്തില്‍ കുട്ടികളെയും അവയവങ്ങളും വില്‍പന നടത്തുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാന്‍ ചാരിറ്റി കമ്മിറ്റികള്‍ ഇവര്‍ക്ക് സഹായമെത്തിക്കുന്നുണ്ട്.
ഒരു കുട്ടിക്ക് വില ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം അഫ്ഗാനി രൂപ വരെയും വൃക്കക്ക് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം (22,0000) വരെയുമാണെന്നാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പട്ടിണിയും കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങളും മറ്റ് സാമ്പത്തിക ബാധ്യതകളും കാരണമാണ് ഇങ്ങനെ വില്‍പന നടത്തേണ്ടി വരുന്നതെന്നാണ് ബാല്‍ക് പ്രവിശ്യയിലെ കുടുംബങ്ങള്‍ പ്രതികരിച്ചത്.
രാജ്യത്ത് ഫണ്ടിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
കൊവിഡ് മഹാമാരി, വരള്‍ച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയും നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായി പറയുന്നത്. രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ പുതിയ താലിബാന്‍ സര്‍ക്കാരിന് സാധിക്കാത്തതും പ്രധാന പ്രശ്നമായി വിലയിരുത്തപ്പെടുന്നു.
താലിബാന്‍ ഭരണത്തിന് കീഴില്‍ ഭക്ഷ്യക്ഷാമവും മറ്റ് മാനുഷിക പ്രതിസന്ധികളും നേരിടുന്ന അഫ്ഗാനിസ്ഥാന് വേണ്ടി
സഹായമഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.
2022ലേക്കായി അഫ്ഗാന് വേണ്ടി 5 ബില്യണ്‍ (500 കോടി) ഡോളര്‍ സഹായമാണ് യു.എന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. ഇതുവരെ ഏതെങ്കിലുമൊരു രാജ്യത്തിന് വേണ്ടി നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ഇടപെടലാണ് യു.എന്‍ അഫ്ഗാന് വേണ്ടി നടത്തുന്നത്.
നാല് കോടിക്കടുത്താണ്, 3.89 കോടി (39 മില്യണ്‍), അഫ്ഗാനിലെ ജനസംഖ്യ. ഇതില്‍ പകുതിയിലധികവും, അതായത് 22 മില്യണ്‍ ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യു.എന്‍ പറഞ്ഞിരുന്നു.
2022 മാര്‍ച്ച് വരെ ഭക്ഷ്യ പ്രതിസന്ധി നീളുമെന്നാണ് കണക്കുകൂട്ടല്‍. അതിനാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതിനായി യു.എന്‍ ഇടപെടുന്നത്.
തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് നേരത്തെ തന്നെ ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.