| Thursday, 1st October 2020, 1:14 pm

ഡിസ്‌നിയില്‍ നിന്നും പിരിച്ചു വിടുന്നത് 28,000 ജീവനക്കാരെ, ഹൃദയം തകര്‍ക്കുന്ന നടപടിയെന്ന് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തങ്ങളുടെ 28,000 ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ച് ഡിസ്‌നി തീം പാര്‍ക്ക്. അമേരിക്കയിലെ ഫ്‌ളോറിഡ, കാലിഫോര്‍ണിയ, എന്നിവിടങ്ങളിലെ തീം പാര്‍ക്കുകളില്‍ നിന്നാണ് പ്രധാനമായും തൊഴിലാളികളെ പിരിച്ചു വിടുന്നത്. ഇതില്‍ 67 ശതമാനവും പാര്‍ട് ടൈം ജോലിക്കാരാണ്.

ഹൃദയം തകര്‍ക്കുന്ന നടപടിയാണിതെന്നാണ് ഡിസ്‌നി പാര്‍ക് യൂണിറ്റ് ചെയര്‍മാന്‍ ജോഷ് ഡിമാരോ ജീവനക്കാര്‍ക്കയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു നടപടി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി എത്ര കാലം നീണ്ടു നില്‍ക്കുമെന്നതില്‍ ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും കമ്പനി പറയുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം ബിസിനസ് രംഗത്ത് വമ്പന്‍ തകര്‍ച്ചയാണ് വാള്‍ട്ട് ഡിസ്‌നി നേരിട്ടത്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടം മുതല്‍ ഡിസ്‌നിയുടെ പല പാര്‍ക്കകളും അടഞ്ഞ് കിടക്കുകയാണ്. കാലിഫോര്‍ണിയയിലെ തങ്ങളുടെ പ്രശസ്ത പാര്‍ക്ക് നിയന്ത്രണങ്ങള്‍ മൂലം ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. തുറന്നു പ്രവര്‍ത്തിക്കുന്ന ചില പാര്‍ക്കുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഉണ്ട്.

2020 ആദ്യ പാദത്തില്‍ വാള്‍ട്ട് ഡിസ്‌നിക്ക് 4.72 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനിക്ക് വന്ന ഏറ്റവും വലിയ നഷ്ടമാണിത്. ഇതിനു പുറമെ ഡിസ്‌നിയുടെ ബിഗ് ബജറ്റ് സിനിമകളും കൊവിഡ് പ്രതിസന്ധിക്കിടയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

കൊവിഡ് മഹാമാരിക്കു മുമ്പായി ഫ്‌ളോറിഡയിലെ ഡിസ്‌നി പാര്‍ക്കില്‍ 77,000 ജീവനക്കാരാണുണ്ടായിരുന്നത്. കാലിഫോര്‍ണിയയിലെ പാര്‍ക്കില്‍ 32,000 പേരും. അതേ സമയം പാരീസ്, ഹോങ് കോംങ്, ടോക്കിയോ, ഷാങ് ഹായ് എന്നിവിടങ്ങളിലെ ഡിസ്‌നി ശാഖകളെ നിലവിലെ പിരിച്ചു വിടല്‍ ബാധിക്കില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Disney to make 28,000 theme park staff redundant

We use cookies to give you the best possible experience. Learn more