കാലിഫോര്‍ണിയ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തങ്ങളുടെ 28,000 ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ച് ഡിസ്‌നി തീം പാര്‍ക്ക്. അമേരിക്കയിലെ ഫ്‌ളോറിഡ, കാലിഫോര്‍ണിയ, എന്നിവിടങ്ങളിലെ തീം പാര്‍ക്കുകളില്‍ നിന്നാണ് പ്രധാനമായും തൊഴിലാളികളെ പിരിച്ചു വിടുന്നത്. ഇതില്‍ 67 ശതമാനവും പാര്‍ട് ടൈം ജോലിക്കാരാണ്.
ഹൃദയം തകര്‍ക്കുന്ന നടപടിയാണിതെന്നാണ് ഡിസ്‌നി പാര്‍ക് യൂണിറ്റ് ചെയര്‍മാന്‍ ജോഷ് ഡിമാരോ ജീവനക്കാര്‍ക്കയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു നടപടി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി എത്ര കാലം നീണ്ടു നില്‍ക്കുമെന്നതില്‍ ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും കമ്പനി പറയുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം ബിസിനസ് രംഗത്ത് വമ്പന്‍ തകര്‍ച്ചയാണ് വാള്‍ട്ട് ഡിസ്‌നി നേരിട്ടത്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടം മുതല്‍ ഡിസ്‌നിയുടെ പല പാര്‍ക്കകളും അടഞ്ഞ് കിടക്കുകയാണ്. കാലിഫോര്‍ണിയയിലെ തങ്ങളുടെ പ്രശസ്ത പാര്‍ക്ക് നിയന്ത്രണങ്ങള്‍ മൂലം ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. തുറന്നു പ്രവര്‍ത്തിക്കുന്ന ചില പാര്‍ക്കുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഉണ്ട്.