|

മോശമെന്ന് പറഞ്ഞാല്‍ വളരെ മോശം, ഇത്രയും തരംതാണ വി.എഫ്.എക്‌സ് അടുത്തെങ്ങും കണ്ടിട്ടില്ല, ചരിത്രത്തിലെ ഏറ്റവും കുറവ് റേറ്റിങ് സ്വന്തമാക്കി ഡിസ്‌നിയുടെ ബിഗ് ബജറ്റ് ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള സ്റ്റുഡിയോയാണ് വാള്‍ട്ട് ഡിസ്‌നി. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരുപാട് കഥകളും കഥാപാത്രങ്ങളെയും ഡിസ്‌നി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കോമിക്‌സിലൂടെയും അനിമേഷന്‍ സീരീസുകളിലൂടെയും സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ഡിസ്‌നി പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡിസ്‌നിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിച്ചുകീറപ്പെട്ടുകൊണ്ടിരിക്കുകയാണ്. വന്‍ ബജറ്റിലും ഹൈപ്പിലും പുറത്തിറങ്ങിയ സ്‌നോ വൈറ്റാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഡിസ്‌നിയുടെ ആദ്യകാല ഹിറ്റ് അനിമേഷന്‍ ചിത്രങ്ങളിലൊന്നായ സ്‌നോവൈറ്റ് ആന്‍ഡ് ദി സെവന്‍ ഡ്വാര്‍ഫ്‌സ് എന്ന ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ വേര്‍ഷന്‍ കഴിഞ്ഞയാഴ്ചയാണ് റിലീസായത്.

മോശം വി.എഫ്.എക്‌സും ഒറിജിനലിനോട് ഒട്ടും നീതി പുലര്‍ത്താത്ത പുതിയ സ്‌ക്രിപ്റ്റും ആരാധകരെ നിരാശരാക്കി. ഡിസ്‌നിയുടെ ചരിത്രത്തിലെ ഏറ്റവും മോശം റേറ്റിങ്ങാണ് സ്‌നോ വൈറ്റിന് ലഭിക്കുന്നത്. 1.3 റേറ്റിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. ഒരുകാലത്ത് സിനിമാലോകത്തെ വിസ്മയിപ്പിച്ച പല സിനിമകളും സമ്മാനിച്ച സ്റ്റുഡിയോയുടെ സുവര്‍ണ ചരിതത്തിന് ഈയൊരൊറ്റ ചിത്രത്തിലൂടെ വലിയ കളങ്കം നേരിട്ടെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ചിത്രത്ത വിമര്‍ശിച്ചുകൊണ്ടുള്ള പല റിവ്യൂകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ഒടുവില്‍ അവരത് സാധിച്ചു. ആരും പൈറേറ്റ് ചെയ്യാന്‍ സാധ്യതയില്ലാത്ത ഒരു സിനിമ ഡിസ്‌നി പുറത്തിറക്കിയിരിക്കുന്നു’, ‘എന്റെ ഓഫീസില്‍ ഞാന്‍ സ്‌നോ വൈറ്റ് കണ്ടുവെന്ന് ബോസിനോട് പറഞ്ഞു, സ്വന്തം മാനസികനില ശരിയാക്കാന്‍ അദ്ദേഹം എനിക്ക് മൂന്നുദിവസത്തെ ലീവ് അനുവദിച്ചു’ എന്നിങ്ങനെയുള്ള റിവ്യൂസ് വൈറലാണ്.

മൂന്ന് വര്‍ഷത്തോളം സമയമെടുത്താണ് ഡിസ്‌നി സ്റ്റുഡിയോസ് സ്‌നോ വൈറ്റിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പല തവണ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതുകയും ബജറ്റില്‍ മാറ്റം വരുത്തുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. വോക്ക് കള്‍ച്ചറിന്റെ അമിതമായ ഉപയോഗം ചിത്രത്തിന് തിരിച്ചടിയായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ സെവന്‍ ഡ്വാര്‍ഫ്‌സിന്റെ വി.എഫ്.എക്‌സ് സമീപകാലത്ത് ഒരു ഹോളിവുഡ് ചിത്രത്തിലെ ഏറ്റവും മോശം വി.എഫ്.എക്‌സ് ആണെന്നും ആരാധകര്‍ പറയുന്നുണ്ട്.

230 മില്യണാണ് ചിത്രത്തിനായി ചെലവായത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ വെറും 87 മില്യണ്‍ മാത്രമാണ് സ്വന്തമാക്കിയത്. ലോക ബോക്‌സ് ഓഫീസില്‍ സമീപകാലത്ത് വന്ന ‘ഏറ്റവും വലിയ ബോംബ്’ എന്നാണ് നിരൂപകര്‍ സ്‌നോ വൈറ്റിനെ വിശേഷിപ്പിച്ചത്. ഗെല്‍ ഗാഡറ്റ്, റേച്ചല്‍ സെഗ്‌ലെര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

Content Highlight: Disney Studios latest live action movie Snow White got lowest rating in their history

Latest Stories