| Saturday, 10th September 2022, 11:06 am

ഗെയിം ഓഫ് ത്രോണ്‍സിനെ വെല്ലുമോ; മഹാഭാരതത്തെ അടിസ്ഥാനമാക്കി ഡിസ്‌നിയുടെ വെബ് സീരിസ് വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹാഭാരതം ഇതിഹാസത്തെ അടിസ്ഥാനമാക്കി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന്റെ വെബ് സീരിസ് വരുന്നു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന്‍റെ കണ്ടന്റ് ഹെഡ് ആയ ഗൗരവ് ബാനര്‍ജി ആണ് ഡി23 എക്‌സ്‌പോയില്‍ വെച്ച് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘മഹാഭാരതത്തെ പറ്റി ഏതെങ്കിലും രൂപത്തില്‍ അറിയാന്‍ ആഗ്രഹമുള്ള കോടിക്കണക്കിന് ആളുകള്‍ ഉണ്ട്. നമ്മുടെ രാജ്യത്തെ ആളുകള്‍ അവരുടെ കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍ നിന്നും മഹാഭാരതത്തെ പറ്റി കേട്ടിട്ടുണ്ട്. ഇനിയും കോടിക്കണക്കിന് ആളുകള്‍ തങ്ങള്‍ക്കു നഷ്ടമായത് എന്താണെന്ന് അറിയുന്നില്ല.

ആഗോളപ്രേക്ഷകരിലേക്ക് അടുത്ത വര്‍ഷത്തോടെ ഈ അത്ഭുതകരമായ കഥ എത്തിക്കാനായാല്‍ അത് ഞങ്ങളുടെ പ്രിവിലേജാണ്,’ ഡിസ്‌നിയുടെ ഫാന്‍ ഇവന്റിലെ ഇന്റര്‍നാഷണല്‍ കണ്ടന്റ് ആന്റ് ഓപ്പറേഷന്‍ സെഷനില്‍ ബാനര്‍ജി പറഞ്ഞു.

ഡിസ്നിയുടെ പ്രഖ്യാപനത്തോടെ സീരിസിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരാന്‍ തുടങ്ങി. ലോകപ്രശസ്ത വെബ് സീരിസായ ഗെയിം ഓഫ് ത്രോണ്‍സിനെ വെല്ലുന്ന കഥയാണ് മഹാഭാരതത്തിന്‍റേതെന്നും ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ നമുക്കും ഒരു വെബ് സീരിസ് വേണമെന്നുമൊക്കെയാണ്  സോഷ്യല്‍ മീഡിയ ഡിസ്കഷന്‍.

മധു മണ്ടേന, മൈഥോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സീരിസ് നിര്‍മിക്കുന്നത്. മഹാഭാരതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലേക്ക് എത്തിക്കുന്നത് സന്തോഷകരമാണെന്ന് മണ്ടേന പറഞ്ഞു. മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വൈകാരിക സങ്കര്‍ഷങ്ങളും മഹാഭാരതത്തിലെ സങ്കീര്‍ണമായ കഥാപാത്രങ്ങളിലൂടെയും കഥാപരിസരങ്ങളിലൂടെയും കണ്ടെത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സെഷനില്‍ വെച്ച് ഇമ്രാന്‍ ഹഷ്മി നായകനാവുന്ന സീരിസും പ്രഖ്യാപിച്ചു. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, സോമന്‍ മിശ്ര എന്നിവരാണ് സിരീസ് നിര്‍മിക്കുന്നത്.

Content Highlight: Disney’s web series based on Mahabharata is coming

We use cookies to give you the best possible experience. Learn more