| Wednesday, 1st April 2020, 11:22 am

നെറ്റ്ഫ്‌ളിക്‌സിനോടും ആമസോണ്‍ പ്രൈമിനോടും കിട പിടിക്കാന്‍ ഇന്ത്യയിലേക്ക് ഡിസ്‌നി പ്ലസ്, ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിക്കാന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഇന്ത്യയിലേക്ക്. ഇന്ത്യയിലെ നിലവിലെ മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിനെ ഡിസ്‌നി പ്ലസ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന റീ ബ്രാന്‍ഡിങ്ങിലൂടെ ഡിസ്‌നിയുടെ ഇന്ത്യയിലേക്കുള്ള വരവ്.

ഐ.പി.എല്‍ സീസണ്‍ സംപ്രേഷണത്തോടെ മാര്‍ച്ച് 29 ന് സര്‍വീസ് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19 മൂലം ഐ.പി.എല്‍ മാറ്റി വെച്ച സാഹചര്യത്തില്‍ ഏപ്രില്‍ 3 ന് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

രാജ്യവ്യാപകമായി കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ ഐ.പി.എല്‍ മാറ്റി വെച്ച തിയതിയായ ഏപ്രില്‍ 15 ന്  നടക്കില്ലെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മാര്‍ക്കറ്റ് വിപുലമാക്കാന്‍ ഡിസനിക്ക് മറ്റു വഴികള്‍ നോക്കേണ്ടി വരും.

ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് കടുത്ത മത്സരമാണ് മുന്നില്‍ കാണുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നീ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ വലിയ തരത്തില്‍ വോരോട്ടം നടത്തി കഴിഞ്ഞിട്ടുണ്ട്.
രാജ്യവാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരുടെ ഉപയോക്താക്കളില്‍ വലിയ വര്‍ധനവും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഇവരോട് കിടപിടിക്കാനുള്ളത്രയും ആകര്‍ഷകമായ ശേഖരം ഡിസ്‌നിയുടെ കൈയ്യില്‍ ഉണ്ടെന്നതില്‍ സംശയമില്ല. സ്വന്തമായ പ്രൊഡക്ഷനുകള്‍ക്ക് പുറമെ ഹോളിവുഡ് സിനിമകളുടെ വന്‍ശേഖരം, സ്റ്റാര്‍വാര്‍സ് പരമ്പരകള്‍, ഫ്രോസണ്‍ 2 പോലുള്ള ആനിമേഷന്‍ ശേഖരങ്ങള്‍ തുടങ്ങിയവ ഡിസ്‌നിപ്ലസിന്റെ കൈവശമുണ്ട്. ഹോട്ട്‌സ്റ്റാര്‍ നിലവില്‍ നല്‍കുന്ന 8 ഇന്ത്യന്‍ ഭാഷകളിലെ സൗജന്യ ഷോകളും, ബോളിവുഡ് സിനിമകളുടെ ശേഖരവും പ്രേക്ഷകരെ ഒന്നു കൂടെ ആകര്‍ഷിച്ചേക്കാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1499 രൂപയാണ് ഡിസ്‌നിയുടെ വാര്‍ഷിക പാക്കേജ്, അതേ സമയം നെറ്റ്ഫ്‌ളിക്‌സിന് ഇത് 799 രൂപയാണ്. സ്ട്രീമിംഗ് സര്‍വീസുകളുടെ ഭാവിയിലെ ഏറ്റവും വലിയ മാര്‍ക്കറ്റായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഇന്ത്യയില്‍ ജനങ്ങളെല്ലാം വീട്ടില്‍ കഴിയുന്ന ഈ സാഹചര്യത്തില്‍ വലിയ മാര്‍ക്കറ്റ് സാധ്യതയാണ് ഡിസ്‌നിയും നെറ്റ്ഫ്‌ളിക്‌സും ഉള്‍പ്പെടുന്ന കമ്പനികള്‍ മുന്നില്‍ കാണുന്നത്.

 

We use cookies to give you the best possible experience. Learn more