Entertainment news
'ഹൗസ് ഓഫ് ഡ്രാഗണ്‍സ്' ഇനി ഹോട്ട്‌സ്റ്റാറിലില്ല; എച്ച്.ബി.ഒ കണ്ടന്റുകള്‍ പിന്‍വലിക്കുന്നു എന്ന് ഡിസ്‌നി സി.ഇ.ഒ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 09, 08:39 am
Thursday, 9th March 2023, 2:09 pm

എച്ച്.ബി.ഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ‘ഹൗസ് ഓഫ് ഡ്രാഗണ്‍സ്’ പോലുള്ള ഷോകള്‍ ഇനി ലഭ്യമാകില്ല. അധികം വൈകാതെ ഇത് നടപ്പിലാക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഡിസ്നി സി.ഇ.ഒ ബോബ് ഇഗര്‍ കമ്പനിയില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.

മാര്‍ച്ച് 31 മുതലായിരിക്കും ഇത് നടപ്പിലാക്കുക എന്നാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ അറിയിച്ചത്. മറ്റ് ടി.വി ഷോകളും സിനിമകളും ലൈബ്രറിയും അന്താരാഷ്ട്ര തലത്തിലുള്ള കായിക മത്സരങ്ങളും തുടര്‍ന്നും ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.

‘മാര്‍ച്ച് 31 മുതല്‍, എച്ച്ബിഒ കണ്ടന്റുകള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാകില്ല. 100,000 മണിക്കൂറിലധികം ടിവി ഷോകളും സിനിമകളും ഉള്‍ക്കൊള്ളുന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വിപുലമായ ലൈബ്രറിയും ആഗോള തലത്തിലെ കായിക മത്സരങ്ങളും നിങ്ങള്‍ക്ക് തുടര്‍ന്നും ആസ്വദിക്കാം,’എന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഹോട്ട്‌സ്റ്റാര്‍. സിനിമകള്‍, വെബ് സീരീസുകള്‍, ടെലിവിഷന്‍ പരിപാടികള്‍, ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഹോട്ട്‌സ്റ്റാര്‍ ലഭ്യമാക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ എച്ച്.ബി.ഒ കണ്ടന്റുകളും ഷോകളും ആമസോണ്‍ പ്രൈമിലേക്ക് മാറാനുള്ള സാധ്യതകള്‍ നിലവിലുണ്ട്. എച്ച്.ബി.ഒ മാക്‌സില്‍ വരുന്ന ഡിസി ഷോകള്‍ പലതും ഇന്ത്യയില്‍ ലഭിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ്. എച്ച്.ബി.ഒയുടെ ‘ഗെയിം ഓഫ് ത്രോണ്‍സ്’ അടക്കം പല ജനപ്രിയ ഷോകളും ഇന്ത്യയില്‍ എത്തിയിരുന്നത് ഹോട്ട്സ്റ്റാര്‍ വഴിയായിരുന്നു.

content highlight: disney plus hotstar official tweet