| Monday, 8th April 2024, 8:04 am

പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തേ: 'വോക്ക് കള്‍ച്ചര്‍' വിമര്‍ശനത്തിനെതിരെ ഡിസ്‌നി സി.ഇ.ഒ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമിതമായ വോക്ക് കള്‍ച്ചര്‍ ഉപയോഗത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് ഡിസ്‌നി സ്റ്റുഡിയോ. പ്രശസ്തമായ പല സിനിമകളിലും പുരോഗമനത്തിന്റെ കഥയില്‍ മനപൂര്‍വം വോക്കിസം പ്രയോഗിച്ചതാണ് വിമര്‍ശനത്തിന് കാരണം. ഇതിന്റെ പേരില്‍ പല സിനിമകളും സീരീസുകളും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്റ്റുഡിയോക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. എക്‌സ് (ട്വിറ്റര്‍) സി.ഇ.ഒ എലോണ്‍ മസ്‌കും കഴിഞ്ഞ ദിവസം ഡിസ്‌നിയെ കളിയാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

ഇത്രയുമായപ്പോഴാണ് ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗര്‍ പ്രതികരിച്ചത്. വോക്ക് എന്നതിന്റെ അര്‍ത്ഥമറിയാതെയാണ് പലരും വിമര്‍ശിക്കുന്നതെന്ന് ബോബ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇനി മുതല്‍ എന്റര്‍ടൈന്മെന്റിന് പ്രാധാന്യം നല്‍കാനാകും ശ്രദ്ധിക്കുകയെന്നും ബോബ് കൂട്ടിച്ചേര്‍ത്തു. സ്ട്രീമിങില്‍ രണ്ടാം സ്ഥാനത്തേക്കെത്താനാണ് ഇനിയുള്ള ശ്രമമെന്നും ബോബ് പറഞ്ഞു.

‘വോക്ക് എന്ന പദം പലരും അനാവശ്യമായിട്ടാണ് ഉപയോഗിക്കുന്നത്. ആര്‍ക്കും ഇതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. അതുമാത്രമല്ല, അര്‍ത്ഥമറിയാതെയാണ് പലരും വോക്ക് എന്ന പദം ഉപയോഗിക്കുന്നത്. വോക്കിന് വേണ്ടിയുള്ള ശബ്ദം ഇപ്പോള്‍ അടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. ഞാന്‍ തിരിച്ചെത്തിയതിന് ശേഷം രംഗം ശാന്തമാണ്. ഇനിമുതല്‍ അങ്ങോട്ട് കമ്പനിയുടെ പ്രധാന ലക്ഷ്യം ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുക എന്നത് മാത്രമായിരിക്കും.

എന്റര്‍ടൈന്മെന്റിന് വേണ്ടി നിങ്ങള്‍ ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പല തരത്തിലുള്ള പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്തുക എന്നതാണ്. നമ്മള്‍ പറയാനുദ്ദേശിക്കുന്ന കാര്യം വിവിധ തരത്തിലുള്ള പ്രേക്ഷകരിലേക്ക് ഒരുപോലെ എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതിനിടയില്‍ ഒരു പ്രേത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി നമ്മള്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലയെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം പരിഹരിച്ച്, ഇനിയങ്ങോട്ട് സ്ട്രീമിങിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താനാണ് ഞങ്ങളുടെ ഉദ്ദേശം,’ ബോബ് പറഞ്ഞു.

Content Highlight: Disney CEO against the woke culture criticism

We use cookies to give you the best possible experience. Learn more