ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് ലോകത്തെ അറിയിച്ചതിന് പിന്നാലെ സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹദൂര്‍ യാദവ് പുതിയ വീഡിയോയുമായി രംഗത്ത്. യൂട്യൂബിലാണ് തേജ്ബഹദൂര്‍ യാദവിന്റെ പുതിയ വീഡിയോ എത്തിയത്. ആര്‍മിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ചൂണ്ടിക്കാട്ടിയ വിഷയത്തില്‍ നടപടിയുണ്ടാകാത്ത പക്ഷം താന്‍ ആയുധമെടുക്കുമെന്നാണ് തേജ് ബഹദൂര്‍ യാദവിന്റെ ഭീഷണി.
“സൈന്യത്തിലെ അഴിമതിയെ കുറിച്ച് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രിയും വിഷയത്തില്‍ കൃത്യമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അതിനപ്പുറം ഒന്നും സംഭവിച്ചില്ല. ഈ നേതാക്കള്‍ രാജ്യദ്രോഹികളാണ്. ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ നടപടിയെടുക്കാന്‍ ഇവര്‍ തയ്യാറായില്ലെങ്കില്‍ ഞാന്‍ ആയുധമെടുക്കും”- തേജ് ബഹദൂര്‍ വീഡിയോയില്‍ പറയുന്നു.
സൈന്യത്തിലെ ഒട്ടുമിക്ക ജവാന്‍മാരും ഇത്തരം അഴിമതിക്കാര്‍ക്ക് എതിരാണ്. എനിക്ക് ആയുധം എടുക്കേണ്ടി വന്നാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിന് മാത്രമാണ്. എല്ലാ കോണില്‍ നിന്നും താന്‍ ഉപദ്രവവും പീഡനവും സഹിച്ചുകൊണ്ടിരിക്കുകയാണ്. തനിക്ക് വേണ്ടി വാദിക്കുമെന്ന് പറഞ്ഞ് അന്ന് രംഗത്തെത്തിയവരാരും തന്നെ തിരിഞ്ഞുനോക്കാറില്ലെന്നും തേജ്ബഹദൂര്‍ യാദവ് പറയുന്നു.
രാജ്യത്തിന്റെ സംരക്ഷണത്തിനായി ആയുധമെടുക്കുന്ന പക്ഷം അത് താന്‍ വീണ്ടും ഉയര്‍ത്തിപ്പിടിക്കുമെന്നും തേജ്ബഹദൂര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് എല്ലാവരിലേക്കും എത്തിക്കണമെന്നും അതിനായി ഈ വീഡിയോ എല്ലാവരും പങ്കിടണമെന്നും തേജ് ബഹദൂര്‍ യാദവ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തെ എല്ലാ അഴിമതികളോടും യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഇദ്ദേഹം പരിപാടി സംഘടിപ്പിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും സൈന്യത്തില്‍ നിന്നും വീരമൃത്യുവരിച്ച ജവാന്‍മാരുടെ ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും അന്നത്തെ പരിപാടിയില്‍ തേജ്ബഹദൂറിന് പിന്തുണ അറിയിച്ച് അണിചേര്‍ന്നിരുന്നു.
അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം നടന്ന സൈനിക വിചാരണയ്ക്ക് പിന്നാലെയായിരുന്നു തേജ് ബഹദൂറിനെ ആര്‍മിയില്‍ നിന്നും പുറത്താക്കിയത്.
തേജ് ബഹദൂറിന്റെ പ്രവര്‍ത്തനം സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തല്‍. വിചാരണയ്ക്കിടെ സ്വയം വിരമിക്കലിനുള്ള അപേക്ഷ ഇയാള്‍ സമര്‍പ്പിച്ചുവെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.
ജനുവരി ഒമ്പതിനായിരുന്നു അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നത് എന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ തേജ് ബഹദൂര്‍ പുറത്ത് വിട്ടത്. പാട്ടാളക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകമാറ്റി വില്‍പ്പന നടത്തുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെയാണ് തേജ് ബഹദൂറിനെ വിചാരണ ചെയ്യാന്‍ സൈന്യം തീരുമാനിച്ചതും പിന്നീട് പുറത്താക്കുന്നതും.