| Friday, 9th September 2022, 7:08 pm

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടല്‍ പാര്‍ട്ടി നയമല്ല; ആര്യ രാജേന്ദ്രനെ തള്ളി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ വിവേചനപരമായ നടപടിയില്‍ പ്രതിഷേധിച്ച് ഓണാഘോഷ പരിപാടിക്കിടെ ഭക്ഷണം മാലിന്യത്തില്‍ നിക്ഷേപിച്ച ജീവനക്കാരെ പിരിച്ചുവിട്ട കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

ജീവനക്കാരെ പിരിച്ചുവിട്ട മേയര്‍ ആര്യ രാജേന്ദ്രന്റെ നടപടിയെ തള്ളിയായിരുന്നു സി.പി.ഐ.എമ്മിന്റെ പ്രതികരണം. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാര്‍ട്ടി നയമല്ലെന്നും എന്താണ് നടന്നതെന്ന് മനസിലാക്കിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍, സംഭവത്തില്‍ ആര്യ രാജേന്ദ്രനെ പിന്തുണക്കുന്ന നിലപാടായിരുന്നു സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ കൈക്കൊണ്ടത്. ഭക്ഷണം പാഴാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നാഗപ്പന്റെ പ്രതികരണം.

തിങ്കളാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ തള്ളിക്കൊണ്ട് പ്രതിഷേധിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടും, ഷിഫ്റ്റ് അവസാനിച്ചിട്ടും, ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഭക്ഷണം അവര്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്

മുദ്രാവാക്യം മുഴക്കി സദ്യ മാലിന്യത്തില്‍ തള്ളുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടിയെടുത്തിരുന്നു.

കോര്‍പ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തുകൊണ്ടാണ് മേയര്‍ ഉത്തരവിട്ടത്.

മനം നൊന്താണ് തങ്ങള്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. ഇതിന് പിന്നാലെ കോര്‍പ്പറേഷന്റെ നടപടിയെ വിമര്‍ശിച്ചും തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സോഷ്യല്‍ മീഡിയില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

കോര്‍പ്പറേഷന്റെ നടപടിയില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു മേയര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

Content Highlight: Dismissal of protestors is not party policy; CPIM against Trivandrum mayor Arya Rajendran

We use cookies to give you the best possible experience. Learn more